എവുജിൻ ഇമ്മാനുവേൽ
1997 ഫെബ്രുവരി 20.ന് മലയാളിദമ്പതികളായ എഡ്വിൻ മോറിസിന്റെയും ജാസ്മിൻ മേരിയുടെയും മകനായി സൗദി അറേബ്യയിൽ ജനിച്ചു.
സൗദിയിൽ ജനിച്ചെങ്കിലും എവുജിൻ പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു.. സെൻറ് തെരേസാസ് കോൺവെൻറ്, നസ്രത്ത് ഹോം ഇ എം എച്ച് എസ്, തിരുവനന്തപുരം സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു എവൂജിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽനിന്നും കർണ്ണാടക സംഗീതത്തിൽ പിജി പൂർത്തിയാക്കി.
രണ്ട് പ്രാവശ്യം നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ വെസ്റ്റേൺ സോളോ വിജയിയായിട്ടുള്ള എവുജിൻ പോപ്പ് ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പനാമയിൽ വെച്ചു നടന്ന വേൾഡ് യൂത്ത് ഡെ പ്രോഗ്രാമിലും പങ്കെടുത്തിട്ടുണ്ട്.
Voxchristi എന്ന ഗോസ്പൽ ബാൻഡിൽ ഗായകനായും കീബോഡിസ്റ്റായുമാണ് എവുജിൻ തന്റെ സംഗീത ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. സംഗീത സംവിധായകൻ ദീപക് ദേവാണ് എവൂജിന് സിനിമയിൽ പാടുവാനുള്ള അവസരം കൊടുക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ബ്രോ ഡാഡി എന്ന ചിത്രത്തിൽ കാണാക്കുയിലേ എന്ന ഗാനം ആലപിച്ചുകൊണ്ട് എവുജിൻ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറി.