വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും
വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും വസന്തരാവല്ലേ (2)
കുടമുല്ലപ്പെണ്ണേ നിൻ്റെ വേളിക്കാലം വന്നില്ലേ..
പുതുമംഗള മാലയുമായി വരുന്നത് സുന്ദരനാവില്ലേ..
അവനെൻ്റെ കഴുത്തിൽ താലിചാർത്തും നേരമണഞ്ഞില്ലേ..
ദൂതും ചൊല്ലി വാ കിളിമകളേ..
തീരം കണ്ടു വാ കുളിർ കാറ്റേ..
ദൂരം താണ്ടിയ രാക്കുയിലെ പാടാൻ നീ വരില്ലേ..
പ്രണയരാവിലെൻ ഹൃദയവീണയുടെ ശ്രുതിയിലേതു രാഗം..
( വെള്ളിത്തിങ്കൾ.. )
നിൻ കാർകൂന്തലിൽ മുകിൽനിര തഴുകും
വാർനെറ്റിയിൽ കളഭവുമണിയും
കൺപീലിയിൽ മയിലുകളാടും പ്രേമിക്കുമ്പോൾ..
നിൻ കൈവല്ലിയിൽ തരളിതയാകും
മെയ്യാകെ ഞാൻ പുളകിതയാകും
നിൻ മാറിലൊരു കവിതയുമാകും ലാളിക്കുമ്പോൾ..
മഞ്ഞിനു നമ്മുടെ കുളിരറിയാമോ
മറ്റാരും കാണാമോ
മതിയാവും നേരംവരെയും നേരം പുലരാമോ
അകലെയൊരമ്പിളി മറയുകയല്ലേ
അരികിലൊരമ്പിളി വിരിയുകയല്ലേ
ചൊടിമലരിതളിലെ മധുരിമ നുകരുമൊരനുഭവമിനിയല്ലേ..
(വെള്ളിത്തിങ്കൾ.. )
ഒരു പൊൻമോതിരം വിധിയെഴുതും ഞാൻ
നിൻമുന്നിലൊരു വലയിൽ വീഴും
മൺകൂരയൊരു തടവറയാകും മോഹിക്കുമ്പോൾ..
ഞാൻ ഒന്നാമനായ് വില്ലു കുലയ്ക്കും
പൊന്നോമലിനെ മാറിലണയ്ക്കും
നിൻ പ്രാണനിൽ തളിരുകൾ നിറയും
ഒന്നാകുമ്പോൾ..
കുഞ്ഞിക്കാലിനു പൊൻതള വേണം
കൂവുന്നത് കേൾക്കാമോ
ഒരുനാളും പിരിയാതിങ്ങനെ ഓളംതുള്ളാമോ
അഴകിനു നീയിനിയമ്മയുമാകും
അവനുടെ കവിളിലൊരുമ്മയുമേകും
ഇണയുടെ കരതലമിരുളിനു പൊൻതുണയരുളുമിതറിയില്ലേ..
(വെള്ളിത്തിങ്കൾ.. )