നിവേദ തോമസ്
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1995 നവംബറിൽ കണ്ണൂരിൽ ജനിച്ചു. സൺ ടിവിയിൽ സംപ്രേഷണം ചെയ്ത മൈഡിയർ ഭൂതം എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ചുകൊണ്ടാണ് നിവേദ തോമസ് തുടക്കം കുറിയ്ക്കുന്നത്.. 2008- ൽ വെറുതെ ഒരു ഭാര്യ എന്ന സിനിമയിൽ ജയറാമിന്റെ മകളായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിച്ചു. മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം വെറുതെ ഒരു ഭാര്യ യിലെ അഭിനയത്തിന് നിവേദ തോമസിന് ലഭിച്ചു.
ആ വർഷം തന്നെ തമിഴിൽ കുരുവി എന്ന സിനിമയിൽ വിജയുടെ സഹോദരിയായി അഭിനയിച്ചു. 2009- ൽ പ്രണയം എന്ന സിനിമയിൽ നായികയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചു. മധ്യവേനൽ, തട്ടത്തിൻ മറയത്ത്, ചാപ്പാ കുരിശ്, റോമൻസ്, മണി രത്നം എന്നീ മലയാളസിനിമകളിൽ നിവേദ അഭിനയിച്ചിട്ടുണ്ട്. പോരാളി, ജില്ല, പാപനാശം എന്നിവയുൾപ്പെടെ പത്തോളം തമിഴ് സിനിമകളിൽ നിവേദ അഭിനയിച്ചു. 2016-ലാണ് തെലുങ്കു സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ജെന്റിൽമാൻ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു തെലുങ്കിൽ നിവേദ തോമസിന്റെ തുടക്കം. നിവേദയുടെ അഭിനയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി. മികച്ച പുതുമുഖ നടിയ്ക്കുള്ള സൗത്തിന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ ജെന്റിൽമാനിലെ അഭിനയം നിവേദയ്ക്ക് നേടിക്കൊടുത്തു. തുടർന്ന് നിരവധി തെലുങ്കു ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. തെലുങ്കു സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറി.
സിനിമയ്ക്ക് പുറമേ ബൈക്ക് റൈഡിംഗിൽ പ്രാവീണ്യമുള്ളയാളാണ് നിവേദ തോമസ്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു.