നിഹാരിക എസ് മോഹൻ
മോഹനന്റെയും ഷൈനിയുടെയും മകളായി കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ ജനിച്ചു. അച്ഛൻ നാടക അഭിനേതാവായിരുന്നതിനാൽ നാടകങ്ങൾ കണ്ടാണ് നിഹാരിക വളർന്നത്. ആറാമത്തെ വയസ്സുമുതലാണ് നിഹാരിക അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ഒരു സ്റ്റേജ് നാടകത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം..ക്ലാസിക്കൽ ഡാൻസ്, ഓട്ടൻ തുള്ളൽ, കൂടിയാട്ടം, നങ്ങ്യാർ കൂത്ത് എന്നിവ നിഹാരിക അഭ്യസിച്ചിട്ടുണ്ട്.
സോളോ ഡ്രാമ പെർഫോമറായ നിഹാരിക മലാല അക്ഷരങ്ങളുടെ മാലാഖ എന്ന നാടകാവതരണത്തിലൂടെയാണ് ശ്രദ്ധ നേടിയത്. നാടകരംഗത്തെ അഭിനയ മികവാണ് നിഹാരികയെ സിനിമയിലേക്കെത്തിച്ചത്. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിലാണ് നിഹാരിക ആദ്യമായി അഭിനയിച്ചത്. അതിനുശേഷം വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലെ നായികമാരിലൊരാളായി. തുടർന്ന് ഒരു കരീബിയൻ ഉഡായിപ്പ്, ആകാശഗംഗ 2 എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
കേരള ഗവൺമെന്റിൽ നിന്നും ഉജ്ജ്വല ബാല്യം പുരസ്ക്കാരം നേടിയിട്ടുള്ള നിഹാരിക ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ബാലശ്രീ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.