മൃദുലദേവി എസ്

Mruduladevi S
Mriduladevi S
Date of Birth: 
ചൊവ്വ, 9 October, 1973
എഴുതിയ ഗാനങ്ങൾ: 3

കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനടുത്ത് മൂലം കുളം പഞ്ചായത്തിൽ 1973 ഒക്ടോബർ 9 ന് രാജമ്മയുടേയും കെ എസ് ഇ ബി സീനിയർ സീനിയർ സുപ്രണ്ടായിരുന്ന എസ് വിജയന്റേയും മകളായി ജനിച്ചു. മൂന്നര വയസ്സിൽ അമ്മയുടെ മരണത്തെ തുടർന്ന് ഉഷ എസ് വിജയനെ അച്ഛൻ പുനർവിവാഹം ചെയ്തു. പിന്നീട് അവരുടെ സംരക്ഷണയിൽ ആണ് വളർന്നത്.

പരുത്തുംപാറ ഗവണ്മെന്റ് എൽ പി സ്കൂൾ, ചിങ്ങവനം എൻ എസ് എസ് സ്കൂൾ, സെന്റ് ജോർജ്ജ് യു പി സ്കൂൾ, വാഴത്തോപ്പ്, ഇടുക്കി ഗവണ്മെന്റ് ഹൈസ്കൂൾ, എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കോട്ടയം ബസേലിയോസ് കോളേജ്, കോട്ടയം ബി.സി.എം കോളേജ്, ചങ്ങനാശേരി എസ് ഡി കോളേജ്, മൗണ്ട് കാർമ്മൽ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കി.

സംവിധായകൻ ജിയോ ബേബിയുടെ, ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ എന്ന സിനിമയിൽ ഗാനങ്ങൾ രചിച്ചു കൊണ്ടാണ് മലയാള സിനിമ ലോകത്തിലേക്ക് കടന്നു വരുന്നത്.പറയസമുദായക്കാരുടെ ഭാഷയായ പാളുവ ഭാഷയിൽ മലയാളം ചേർത്തുകൊണ്ടുള്ള വരികൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ജിയോ ബേബി അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കു വേണ്ടി ആ വരികൾ ആവശ്യപ്പെടുകയായിരുന്നു. ശേഷം പാളുവ ഭാഷയിൽ പാടിയ മറ്റൊരു വീഡിയോ സംവിധായകന് അയച്ചുകൊടുക്കുകയും, അതു ആ സിനിമയിലെ സന്ദർഭത്തിന് യോജിക്കുന്നതായി തോന്നിയ ജിയോ ബേബി പറഞ്ഞതിൻ പ്രകാരം അതിലേയ്ക്ക് കൂടുതൽ വരികൾ എഴുതുകയും ചെയ്തു. അങ്ങനെ ഈ രണ്ടു പാട്ടുകൾക്കൊപ്പം കൂടുതൽ വരികൾ ചേർത്തുകൊണ്ട്, പാളുവ ഭാഷയിലെ ആദ്യ സിനിമ ഗാന രചയിതാവ് എന്ന വിശേഷണത്തിന് അർഹയായി.

അതിനു മുൻപ്, ജീവ ജനാർദ്ദനൻ സംവിധാനം ചെയ്ത ഞാവൽപഴങ്ങൾ എന്ന ഷോർട് ഫിലിമിന് ഇംഗ്ലീഷ് സബ് ടൈറ്റിൽ എഴുതിയിട്ടുണ്ട്. ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥാകൃത്തും, നിർമ്മാതാവുമായ സജിത്ത് കുമാർ മുഖാന്തരം ആണ് ഈ അവസരം ലഭിച്ചത്. കൂടാതെ, സഹോദരിയുടെ മകൻ ശ്രേയസ് സജിയുടെ മ്യൂസിക് ആൽബത്തിന് വേണ്ടി വരികൾ എഴുതിയിട്ടുണ്ട്.ഇത് വരെ പത്തോളം സിനിമാ സംബന്ധിയായ ലേഖനങ്ങൾ മൃദുലയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ലേഖനങ്ങൾ പാഠഭേദം മാസിക, പുസ്തകം ആക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നു. വിമൻ ഇൻ സിനിമ കളക്റ്റീവ്  പി കെ റോസി ഫിലിം സൊസൈറ്റി ഒഫീഷ്യൽ ലോഞ്ച് ചെയ്തപ്പോൾ ഉദ്ഘാടന പ്രസംഗം നടത്തിയത് മൃദുലയാണ്.

ഭർത്താവ് ശശിധരൻ കെ കെ, അലുമിനിയം ഫാബ്രിക്കേറ്റർ ആയി ജോലി ചെയ്യുന്നു. മകൾ മാളവിക (അമ്മാളു ) കോട്ടയം കേന്ദ്രീയ വിദ്യാലയയിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്.

അറിയപ്പെടുന്ന ദളിത് ആക്ടിവ്സ്റ്റും സമൂഹ്യപ്രവർത്തകയുമാണ് മൃദുലാദേവി.

വിലാസം:മൃദുലാദേവി എസ് ,പരിയാത്ത് ഹൗസ്,വെള്ളൂർ പി ഓ,പാമ്പാടി,കോട്ടയം -686501

മൃദുലയുടെ ;ഈമെയിൽ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ