മിഥുലേഷ് ചോലക്കല്‍
ഹിന്ദുസ്ഥാനി - സൂഫി ഗായകൻ
പിന്നണി ഗാനരംഗത്തും സൂഫി സംഗീത സ്റ്റേജുകളിലും സാന്നിധ്യം അറിയിച്ച ഗായകൻ ആണ് മിഥുലേഷ് ചോലയ്ക്കൽ.
മലപ്പുറം ജില്ലയിൽ മഞ്ചേരിയിൽ അയ്യപ്പൻ - സുജാത ദമ്പതികളുടെ മകനായി 1987 മെയ് 15നാണ് മിഥുലേഷ് ജനിച്ചത്. പയ്യനാട് AUPS, ചാരൻകാവ് PMSA HS , മഞ്ചേരി ഗവൺമെൻ്റ് ബോയ്സ് സ്കൂൾ എന്നിവടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കൊണ്ടോട്ടി EMEA കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി.
ചെറുപ്പം മുതൽ തന്നെ സംഗീതത്തിൽ താൽപര്യം കാണിച്ച മിഥുലേഷ് സ്കൂൾ കലോത്സവ വേദികളിൽ സജീവമായിരുന്നു. സംഗീതം ഔപചാരികമായി പഠിക്കാൻ തീരുമാനിച്ചപ്പോൾ ഹിന്ദുസ്ഥാനി സംഗീത ശാഖ ആണ് കൂടുതൽ ആകർഷിച്ചത്. അങ്ങനെ കഴിഞ്ഞ 10 വർഷമായി ഗുരു വിജയ് സുർ സെന്നിൻ്റെ കീഴിൽ ഹിന്ദുസ്ഥാനി വോക്കൽ അഭ്യസിക്കുന്നു.
ഹിന്ദുസ്ഥാനി പഠനം പുരോഗമിക്കവെ പ്രശസ്ത സൂഫി സംഗീതജ്ഞ ജോഡി ആയ സമീർ ബിൻസി - ഇമാം മജ്ബൂർ എന്നിവരെ പരിചയപ്പെട്ടതാണ് മിഥുലേഷിൻ്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. സ്കൂളിൽ തൻ്റെ സീനിയർ കൂടിയായിരുന്ന ഇമാം മസ്ബൂർ സൗണ്ട് എൻജിനീയർ ആയിക്കൂടി പ്രവർത്തിച്ചിരുന്ന മഞ്ചേരി അമർ സ്റ്റുഡിയോയിൽ വെച്ച് സമീർ ബിൻസിയെ കണ്ടുമുട്ടുകയും മിഥുലേഷിൻ്റെ പാട്ട് ഇഷ്ടപെട്ട അവർ കൂടെ കൂട്ടുകയും ആയിരുന്നു. തുടർന്ന് കഴിഞ്ഞ 10 വർഷങ്ങൾ ആയി എണ്ണമറ്റ വേദികളിൽ ഈ സൂഫി ഗായക സംഘത്തിൻ്റെ ഭാഗമായി സൂഫിയാന കലാം, ഖവാലി എന്നിവ പാടി മിഥുലേഷും യാത്ര ചെയ്യുന്നു.
സിനിമയ്ക്ക് വേണ്ടി ചില ഗാനങ്ങൾ റെക്കോർഡ് ചെയ്യപെട്ടു എങ്കിലും പലതും പുറത്ത് വന്നില്ല. എന്നാൽ അവ നല്ലൊരു തുടക്കത്തിന് വേണ്ടി ആയിരുന്നു എന്ന് പറയാം. സൂപ്പർ ഹിറ്റായ മാലിക് സിനിമയിലെ രണ്ട് പാട്ടുകളിലും മിഥുലേഷിൻ്റെ ശബ്ദം കേൾക്കാം.
ഭൂമി രാക്ഷസം ( രചന: സാറാ ജോസഫ്, സംവിധാനം: എം ജെ ശശി), മുത്തശ്ശി ( സംവിധാനം: ഉണ്ണികൃഷ്ണൻ നെല്ലിക്കോട്), കാളി നാടകം ( രചന: സജിത മഠത്തിൽ, സംവിധാനം: ചന്ദ്രദാസൻ) എന്നീ ശ്രദ്ധേയ നാടകങ്ങളിൽ പാടാൻ കഴിഞ്ഞു എന്നതും സംഗീത ജീവിതത്തിലെ നേട്ടം ആണ്.
നവോറ്, കുളിർമര ചായയിൽ, ധ്വനി , യാ മൗല, ട്രൂ ലൗ,പാതി തുടങ്ങിയ മ്യൂസിക് ആൽബങ്ങളിൽ പാടിയിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി നൽകിവരുന്ന സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ് 2020 നേടി എന്നതും പ്രധാനപ്പെട്ട കാര്യമാണ്.