ചൂടും തണുപ്പും

ചൂടും തണുപ്പും പരസ്പരധാരണയിൽ 
വീറോടെ വന്നെതിർക്കുന്നോരതിർത്തിയിൽ 
ജീവൻ തുലാസിൽ കുടഞ്ഞിട്ട് നാടിന്റെ 
മാനത്തിനായുധം പേറുന്ന സൈനികൻ...
സ്വന്തം സുഖങ്ങളെ സമകാലികർക്കായി 
നെഞ്ചിൻ നെരിപ്പോടിലിട്ട് കത്തിച്ചവൻ 
ഞാനെൻ കുടുംബത്തോടാഘോഷമാക്കുന്ന 
വേളകൾ കേട്ട് കൃതാർത്ഥനാകുന്നവൻ...
ചീറിയെൻ നേർക്കണഞ്ഞേക്കുന്നൊരായുധ 
ചീളിനെ നെഞ്ചാൽ തടഞ്ഞ സംരക്ഷകൻ
അസ്ഥികൾ പോലും നുറുങ്ങും തണുപ്പിലും 
അസ്വസ്ഥനാകാത്ത ശത്രുസംഹാരകൻ...
ജീവിതഭാണ്ഡത്തിനുള്ളിൽ ഗൃഹാതുര 
ചായങ്ങൾ പേറി ചരിത്രം രചിച്ചവൻ
ജീവഭയം വിട്ടെനിക്ക് ജീവിക്കുവാൻ 
ജീവൻ പകരം പണയമായ് വച്ചവൻ...
ഇന്ന് തൊട്ടെൻറെ മാത്രം പുത്രനല്ല നീ 
ഇന്ത്യാ സമസ്തത്തിനും പുത്രനാണ് നീ 
എന്നൊരമ്മ പേച്ചിലെല്ലാം മറന്ന് വന്നി-
ന്ത്യയെ വാരിപ്പുണർന്നവൻ സൈനികൻ...
പിന്നിലെ കണ്ണീരൊഴുക്കായവൾ, വിങ്ങി 
നിന്നത് കാണാതെ കണ്ട് പോരുമ്പൊഴും 
തപ്ത വാർധക്യത്തിലമ്മക്കുമച്ഛനും
തൊട്ടടുത്തില്ലാതെ ദൂരെയാകുമ്പോഴും 
എന്നെ വിദ്യാലയത്തിൽ കൊണ്ട് പോകുവാ-
നെന്നച്ഛനെന്തേ വരാഞ്ഞെന്ന് കേഴുന്ന 
കുഞ്ഞിന്റെ വാശിക്കഥകളെ വാഴ്ത്തുന്ന 
കണ്ണുനീർ കത്തുകൾ കൺ നനയ്ക്കുമ്പൊഴും
വർണ്ണ ത്രയത്തിൻ പതാകയൊന്നുള്ളിലെ 
കുന്നിൻ നെറുകയിൽ നാട്ടി നിൽക്കുന്നവൻ 
എന്റെ നാടെന്നോരുറച്ച ചിന്തക്ക് മേൽ 
ഒന്നിനും നെഞ്ചിൽ ഇടം കൊടുക്കാത്തവൻ...
നീ കണ്ണ് ചിമ്മാതെനിക്കുണ്ട് കാവലെന്നാ-
ജന്മ നേരിൽ കൊടും നിദ്ര കൊൾവു ഞാൻ
നീയെന്നൊരുണ്മയ്ക്ക് മുന്നിൽ നിസ്സാരനായ്
ഞാൻ നൽകുമീ ബിഗ് സല്യൂട്ട് കൈ കൊള്ളുക!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Choodum Thanuppum

Additional Info

Year: 
2019

അനുബന്ധവർത്തമാനം