തിരിഞ്ഞും മറിഞ്ഞും

തിരിഞ്ഞും മറിഞ്ഞും 
ഇരുളിൽ മിഴികൾ വഴിപിഴച്ചും 
ദീർഘശ്വാസങ്ങൾക്കിടയിൽ ചോദ്യങ്ങൾ നെഞ്ചിൽ തറച്ചും 
ചിരിയൊരെണ്ണം ചുണ്ടിലൊട്ടിച്ചും നടന്ന നേരം 
ഒരുത്തരുമറിഞ്ഞിരുന്നില്ല
ചങ്ക് തീച്ചൂളയിൽ വേവുന്നെന്ന്

ഉറക്കമില്ലാരാത്രികളും ഉണർവില്ലാപകലുകളും 
ഇഴഞ്ഞു നിരങ്ങി കുരച്ചു കടന്നുപോയി 
ദേഹം വിറച്ചും ഉള്ളം കിതച്ചും 
തൊണ്ടകുഴിയതിലായ് വാരിയിട്ട കനലുകളിൽ വെന്തുചാവും നേരത്തും 
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ   

ഈ നേരവും കടന്നുപോകും

ആരോ ആരോ ഉള്ളിൽ പാടും 
പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ 
ഞാൻ തനിയേ തേങ്ങുന്നേ
തേങ്ങുന്നേ  
 
പുറമേ ചിരിയും അകമേ കണ്ണീരും കൊണ്ടുനടന്നകലേ 
മറയുന്നോരെൻ കിനാവുകൾക്കു യാത്രപറഞ്ഞകലേ    
മായാൻ ദൂരേയ്‌ക്കോടിമറഞ്ഞീടുവാൻ 
ഹൃദയം അലറിക്കരയും നിമിഷവുമിന്നോർമയിലായ്  
മങ്ങാതെ മായാതെ വെയിലുപോലെയിന്നുമുള്ളിൽ കത്തിനിൽക്കും നേരത്തും
കണ്ണടച്ചു മെല്ലെ ചൊല്ലി ഞാൻ      
 
ഈ നേരവും കടന്നുപോകും

ആരോ ആരോ ഉള്ളിൽ പാടും 
പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ 
ഞാൻ തനിയേ തേങ്ങുന്നാരോ ആരോ ഉള്ളിൽ പാടും 
പാട്ടിൻ ഈണം കണ്ടീ കണ്ണീർ പൂവായ് പൊഴിയേ 
ഞാൻ തനിയേ തേങ്ങുന്നേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirinjum Marinjum