കറുത്ത സൂര്യനുദിച്ചു

കറുത്ത സൂര്യനുദിച്ചു
കടലില്‍ വീഞ്ഞു തിളച്ചു
മഞ്ഞിന്റെ മുടി നരച്ചു - മലയില്‍
കഞ്ചാവു പുക പരന്നു
(കറുത്ത.. )

തിങ്കള്‍ക്കല മാനത്തു വീണൊരു
തണുത്ത ചപ്പാത്തിക്കഷണം
അതു തിന്നാനെന്‍ വിശപ്പു വീണ്ടും കൈനീട്ടുന്നു
എവിടേ - ഞാനെവിടേ

അയ്യയ്യോ ! ഒരു ചാരായക്കുപ്പിയില്‍
ഞാന്‍ മരിച്ചു പോയോ - മുങ്ങി മരിച്ചു പോയോ
ഈ സമയത്തിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ
ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു 

കറുത്ത സൂര്യനുദിച്ചു
കടലില്‍ വീഞ്ഞു തിളച്ചു
മഞ്ഞിന്റെ മുടി നരച്ചു - മലയില്‍
കഞ്ചാവു പുക പരന്നു
കറുത്ത സൂര്യനുദിച്ചു

ഞാനീ കടലോരത്തടിഞ്ഞൊരു 
മരിച്ച ശംഖിന്റെ മകുടം
എടുത്തൂതാനെന്‍ തളര്‍ന്ന മൌനം കൈനീട്ടുന്നു
എവിടേ - ഞാനെവിടേ

അയ്യയ്യോ ! ഒരു കഞ്ചാവിന്‍ തിരയില്‍
ഞാനൊലിച്ചു പോയോ - മുങ്ങി ഒലിച്ചു പോയോ
ഈ സന്ധ്യക്കിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ
ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു

കറുത്ത സൂര്യനുദിച്ചു
കടലില്‍ വീഞ്ഞു തിളച്ചു
മഞ്ഞിന്റെ മുടി നരച്ചു - മലയില്‍
കഞ്ചാവു പുക പരന്നു
കറുത്ത സൂര്യനുദിച്ചു

 

Karutha Sooryan udichu