അകലേ കരിമുകിലോ

 

അകലേ....കരിമുകിലോ
അരികേ...മിഴിമഴയോ  (അകലേ)
ഈ ജന്മത്തിൻ അതിശോകവിധിയോ
ഇതു തീരാത്ത പരിതാപകഥയോ
ഞാന്‍ ആശിച്ചതരുതാത്ത തണലോ
ഇതു വാഴ്വേക്കുമപരാധഫലമോ
മനസ്സേ...പറയൂ ...മറുപാതി മാഞ്ഞുപോയോ
പതിയെ തളരും മണിവീണ മൂകമായോ (അകലേ)

കാലങ്ങള്‍ കണ്ണീരില്‍ മുങ്ങാൻ ഈ യാത്രകള്‍
കാറ്റത്തെ കൂടാരം വീഴാൻ ഈ മാത്രകള്‍
മുറ്റത്തെ പൊന്നോണം പോകും നേരങ്ങളില്‍
ഒറ്റക്കായ്‌ കണ്ണെത്താക്കൊമ്പില്‍ കുഞ്ഞാറ്റകള്‍ 
ഈ നെഞ്ചിനുള്ളില്‍ ഓര്‍മ്മകള്‍ 
ഈറന്‍ തണ്ടായ് മൂളവേ
മുറിവിലുരുകും ഇളമനസ്സു പിടയുമൊരു അവരോഹണം
മറുതീരങ്ങള്‍ തേടി താരാഗണം  (അകലേ)

ആരോമല്‍പ്പൂമ്പാറ്റക്കുഞ്ഞേ നീ ഏകനോ 
താരാട്ടാന്‍ രാപ്പാടിക്കൂട്ടം ഓർത്തീലയോ
താഴത്തെ തീരത്തേയ്ക്കാരും നോക്കീലയോ 
താലോലം ആലോലം പാടാന്‍ വന്നീലയോ 
ഈ വേനൽപ്പാടം നീറവേ
മാരിക്കാറ്റേ...പോരുമോ
വിരഹവിജനതയിലിരുളുനിറയുമൊരു സായന്തനം
എരിനോവാലേ തേങ്ങി സന്ധ്യാംബരം  (അകലേ)