ശാരോൺവനിയിലെ
ശാരോൺവനിയിലെ പനിനീരലരുമായ്
ദേവലോകദൂതികേ നീ പോരാമോ
പനിനീരലരിനു സമമെൻ പ്രണയം
ജീവരാഗതന്ത്രി മീട്ടി അരുളീടാം
(ശാരോൺ...)
പനിമതികുളിർത്തടം
നറുമണമെഴും സുഖം
ഞാൻ രാഗലോലയായ് ദേവദാരുവിൻ
ചോട്ടിലണയും നിമിഷം
പകരുക മദകരമധുരിത
സുഖകര സുരഭീലാളനം
സിയോൺവനിയിലെ മാതളക്കനിയുമായ്
സ്നേഹജീവഗായകനായ് പോരാമോ
മുന്തിരിനീരിനു സമമെൻ പ്രണയം
പ്രാണലോലവീണ മീട്ടി പകരാം ഞാൻ
ഒലിവിലനീർത്തിയ മരതകകാന്തിയി-
ലരുവികൾ പാടിയ തരളിതഗീഥിയിൽ
മുന്തിരിപൂത്തു തളിർത്തൊരീവീഥിയിൽ
മധുമതി പുതുമഴ ചൊരിയുമീ വേളയിൽ
ഇനി നീയും പോരൂ ശാരികേ..
സ്വപ്നസുഗന്ധനികുഞ്ജലതാദികൾ
സ്വർണ്ണച്ചിലങ്കയണിഞ്ഞ പതംഗികൾ
സപ്തസ്വരങ്ങളലിഞ്ഞ പൊൻവീണകൾ
ചന്ദനഗന്ധമുറഞ്ഞപുൽമേടുകൾ
ഉണർത്തുന്നു പ്രണയം ലോലമായ്
അത്തികൾ കായ്ചതും ലില്ലികൾ പൂത്തതും
ഇനിയുമിനിയും കനവിൽനിറയെ തിരയാം
മധുവിധുരാവിൽ മണിയറ പൂകിടാം
വധുവായ് വന്നിടൂ
സിയോൺവനിയിലെ മാതളക്കനിയുമായ്
സ്നേഹജീവഗായകനായ് പോരാമോ
മുന്തിരിനീരിനു സമമെൻ പ്രണയം
പ്രാണലോലവീണ മീട്ടി പകരാം ഞാൻ
വസന്തരാജികളണിഞ്ഞ പുലരികള-
ഞ്ജനമെഴുതിയ മഞ്ജുളരജനികൾ
പരിമഴമിയലും രജനീഗന്ധികള-
മ്പിളി വിടരും സുന്ദരസന്ധ്യകൾ
നിറയ്ക്കുന്നു മോഹം താളമായ്
യെറുശലേം കന്യകൾ പാടിയ ഗീഥികൾ
സോളമൻ മീട്ടിയ തമ്പുരുവീചികൾ
ലവങ്കകുന്തിരികുങ്കുമമലരുകൾ
ലബനോൺമേട്ടിലെ തേൻകനിത്തോപ്പുകൾ
പകരുന്നു സ്വപ്നം സാന്ദ്രമായ്
പ്രാവുകൾ കുറുകി ശാഖികൾ തേടിതൻ
പ്രണയപ്രമദവനങ്ങൾ നിറയെ അലയാം
ഹിമനിരതൂകിയ കുളിരിൽ അലിയാം ഇണയായ് പുൽകിടാം
ശാരോൺവനിയിലെ പനിനീരലരുമായ്
ദേവലോകദൂതികേ നീ പോരാമോ
പനിനീരലരിനു സമമെൻ പ്രണയം
ജീവരാഗതന്ത്രി മീട്ടി അരുളീടാം
പനിമതികുളിർത്തടം
നറുമണമെഴും സുഖം
ഞാൻ രാഗലോലയായ് ദേവദാരുവിൻ
ചോട്ടിലണയും നിമിഷം
പകരുക മദകരമധുരിത
സുഖകര സുരഭീലാളനം