ലയ

Laya

1981 ഒക്റ്റോബർ 21 -ന് ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ജനിച്ചു. ലയയുടെ അച്ഛൻ ഡോക്ടറും അമ്മ സംഗീതാദ്ധ്യാപികയുമായിരുന്നു. സ്ക്കൂൾ പഠനകാലത്ത് ലയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏഴ് പ്രാവശ്യം സംസ്ഥാനതലത്തിൽ വിജയിയായിരുന്നു.കൂടാതെ ഒരു പ്രാവശ്യം ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. 1992 -ൽ Bhadram Koduko എന്ന തെലുഗ് പടത്തിലെ കേന്ദ്ര കഥാപാത്രമായ ബാല താരത്തെ അവതരിപ്പിച്ചു കൊണ്ടാണ് ലയ സിനിമാഭിനയത്തിന് തുടക്കമിടുന്നത്.

പിന്നീട് ഏഴ് വർഷങ്ങൾക്ക് ശേഷം 1999 -ൽ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് Swayamvaram എന്ന തെലുങ്കു ചിത്രത്തിൽ നായികയായിക്കൊണ്ട് ലയ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുന്നത്. ഈ ചിത്രം സൂപ്പർഹിറ്റായതിനൊപ്പം അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ലയക്ക് ആന്ധ്രാ സർക്കാറിന്റെ സ്പെഷ്യൽ ജൂറി പുരസ്‌കാരവും ലഭിച്ചു. അതിന് തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ Manoharam(2000), Preminchu(2001) എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ "നന്ദി" പുരസ്‌ക്കാരവും ലയയെ തേടിയെത്തി.

2005 -ൽ തൊമ്മനും മക്കളും എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് ലയ മലയാളത്തിൽ എത്തുന്നത്. തുടർന്ന് 2005, 2006 വർഷങ്ങളിൽ ആലീസ് ഇൻ വണ്ടർ‌ലാൻഡ്, ഉടയോൻ, രാഷ്ട്രം എന്നീ ചിത്രങ്ങളിൽ നായികയായി. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി നാല്പതോളം സിനിമകളിൽ ലയ അഭിനയിച്ചിട്ടുണ്ട്. 2006 -ൽ ഡോക്ടർ ശ്രീഗണേഷ് ഗോർട്ടിയെ വിവാഹം ചെയ്തു. ഭർത്താവിനോടൊപ്പം ലോസ് ഏഞ്ചൽസിൽ ആയിരുന്നു ലയ താമസിച്ചിരുന്നത്. അവർക്ക് രണ്ടു കുട്ടികളാണുള്ളത്. 2018 -ൽ ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്ന് വിജയവാഡയിൽ തന്റെ അച്ഛൻ നടത്തി വന്നിരുന്ന ക്ലിനിക് ഏറ്റെടുത്ത് നടത്തുകയാണ് ലയയും ഭർത്താവും. 2018 -ൽ Amar Akbar Anthony എന്ന തെലുങ്ക് ചിത്രത്തിലൂടെ ലയ അഭിനയരംഗത്തേയ്ക്ക് വീണ്ടും തിരിച്ചുവന്നു.