ലക്ഷ്മിശ്രീ
ആന്ധ്രാ സ്വദേശിനി സരോജാദേവിയുടെയും തഞ്ചാവൂർ സ്വദേശി നടേശൻ നാടാരുടെയും മകളായി ജനിച്ചു. P മാധവൻ സംവിധാനം ചെയ്ത് ശിവാജി ഗണേശൻ നായകനായ മനിതനും ദൈവമാകലാം എന്ന തമിഴ് ചിത്രത്തിൽ ബാലമുരുകനായി വേഷമിട്ടുകൊണ്ടാണ് ലക്ഷ്മിശ്രീ സിനിമയിൽ അരങ്ങേറുന്നത്. 1976 -ൽ പാലൂട്ടി വളർത്ത കിളി എന്ന ചിത്രത്തിൽ ലക്ഷ്മിശ്രീ മുതിർന്ന കുട്ടിയായി വേഷമിട്ടു. നല്ലതുക്ക് കാലമില്ലൈ എന്ന ചിത്രത്തിൽ സുകുമാരിയുടെ മകളായി, ജയശങ്കറിൻ്റെ അനിയത്തിയായി വന്നത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന സിനിമയിൽ നായകനായ ജോസിന്റെ കാമുകിയായിട്ടായിരുന്നു ലക്ഷ്മിശ്രീയുടെ മലയാള സിനിമയിലെ തുടക്കം. 1976 -ൽ PN സുന്ദരം സംവിധാനം ചെയ്ത് പ്രേംനസീറും KR വിജയയും പ്രധാന വേഷങ്ങൾ ചെയ്ത ആയിരം ജന്മങ്ങൾ എന്ന സിനിമയിലായിരുന്നു അവർ അഭിനയിച്ചത്. ആദ്യം അഭിനയിച്ചത് ദ്വീപിൽ ആയിരുന്നെങ്കിലും ആദ്യ റിലീസ് ആയിരം ജന്മങ്ങൾ ആയിരുന്നു. അതിനുശേഷം മൂന്ന് സിനിമകളിൽ കൂടി മലയാളത്തിൽ ലക്ഷ്മിശ്രീ അഭിനയിച്ചു.
ആറു പുഷ്പങ്ങൾ, മുഴുനിലവ്, നാൻ പോട്ട സാവൽ, അവൾ തന്ത ഉറവ്, നാനും വാഴ് വേൻ, ധർമ്മയുദ്ധം... തുടങ്ങിയവയൊക്കെ ലക്ഷ്മിശ്രീ അഭിനയിച്ച തമിഴ് ചിത്രങ്ങളാണ്. ധർമ്മയുദ്ധത്തിൽ രജനീകാന്തിൻ്റെ അനിയത്തിയായി അഭിനയിച്ചു. ഏതാനും തെലുങ്ക്, കന്നട ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 -ലായിരുന്നു ലക്ഷ്മിശ്രീയുടെ മരണം..