കുടശ്ശനാട് കനകം

Kudassanad Kanakam

പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തുള്ള കുടശ്ശനാട്ടിൽ കുഞ്ഞുകുഞ്ഞിന്റെയും നാരായണിയുടെയും എട്ട് മക്കളിൽ ഏറ്റവും ഇളയതായി ജനിച്ചു. കുടശ്ശനാട് എൽ പി സ്കൂൾ, എൻ എസ് എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു കനകത്തിന്റെ വിദ്യാഭ്യാസം. മൂന്നാം വയസ്സിൽ പൂതനാമോക്ഷം തിരുവാതിരക്കളിയിൽ ഉണ്ണിക്കണ്ണന്റെ വേഷം ചെയ്തുകൊണ്ടാണ് കനകം കലാരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. എട്ടാംക്ലാസ് മുതൽ സജീവമായി കലാരംഗത്തേയ്കിറങ്ങി. കനകം ആദ്യമായി അഭിനയിച്ചത് "കറുത്ത നക്ഷത്രം" എന്ന അമച്വർ നാടകത്തിലായിരുന്നു.

കൊട്ടിയം സംഘം തിയ്യേറ്റരിന്റെ "രാമായണത്തിലെ സീത" എന്ന നാടകത്തിലൂടെയാണ് കുടശ്ശനാട് കനകം പ്രൊഫഷണൽ നാടകങ്ങളിൽ അരങ്ങേറുന്നത്. അതിനുശേഷം അടൂർ പങ്കജത്തിന്റെ ജയ തിയ്യേറ്റേഴ്സിന്റെ "പരിത്രാണായ" എന്ന നാടകത്തിൽ അഭിനയിച്ചു. തുടർന്ന് കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണൽ നാടക ട്രൂപ്പുകളിലും കനകം ഭാഗമാകുകയും നിരവധി വേദികളിൽ അഭിനയിക്കുകയും ചെയ്തു. തിരുവനന്തപുരം നവദർശനയുടെ കയ്യും തലയും പുറത്തിടും, മുഹൂർത്തം ശുഭമുഹൂർത്തം, അനാൾജിൻ, മന്ദാകിനിയുടെ മൗനതീരങ്ങളിൽ, കൊല്ലം വിശ്വചേതനയുടെ ഹൃദയപൂർവ്വം സ്‌നേഹിതന്്, കരുനാഗപ്പള്ളി അമ്മു കമ്മ്യൂണിക്കേഷൻസിന്റെ ദാരികൻ, സംഘചേതനയുടെ കടുകോളം വലുത്, ഓച്ചിറ അനുപമ ക്രിയേഷൻസിന്റെ മധുരാപുരിയിലെ മന്ത്രവാദിനി തുടങ്ങിയ നാടകങ്ങളിലും നായികയായി.മധുരാപുരിയിലെ മന്ത്രിവാദിനിയിൽ നർത്തകിയായ ഉർവ്വശിയെ അവതരിപ്പിച്ചതിന് മണ്ണടി പൊന്നമ്മയിൽനിന്നും പുരസ്‌കാരം ലഭിച്ചിരുന്നു. ജീവിതത്തിലെ നല്ലൊരു പങ്കും നാടകസമിതികൾക്കൊപ്പമായിരുന്നു കനകത്തിന്റെ യാത്ര. ഓച്ചിറ സരിഗ കലാസമിതിയിൽ ഏഴുവർഷത്തോളം നാടകം അവതരിപ്പിച്ചു. ഗീഥാ സലാമിന്റെ നാടകസമിതിയിൽ മൂന്നുവർഷം, ഓച്ചിറ ആവിഷ്‌കാരയിൽ രണ്ടുവർഷം, കൊച്ചിൻ കലാസാരഥിയിൽ ഒരു വർഷം തുടങ്ങി അരങ്ങിൽ വർഷങ്ങളോളം അഭിനയിച്ചു.

ആറ്റിങ്ങൽ ബാക്ക് കർട്ടൻ തിയേറ്റർ ഗ്രൂപ്പിന്റെ സെൽ നമ്പർ 13 എന്ന നാടകത്തിലെ സൈക്യാട്രിസ്റ്റിന്റെ വേഷത്തിന് മികച്ച നടിക്കുള്ള പ്രേംനസീർ റോളിംഗ് ട്രോഫിയും ലഭിച്ചിരുന്നു. ശംഖനാദം, തച്ചോളി അങ്കം, ഹരിചന്ദ്രൻ...തുടങ്ങിയ നിരവധി നൃത്ത സമിതികളിലും കനകം അഭിനയിച്ചിട്ടുണ്ട്. അരങ്ങിന്റെ മികച്ച നടിയ്ക്കുള്ള അംഗീകാരം, ഡോ.ബിന്ദു അനന്തകൃഷ്ണൻ എൻഡോവ്‌മെന്റ്, നവരസയുടെ മികച്ച നടിക്കുള്ള അംഗീകാരം, കുടശ്ശനാട് ജംഗ്ഷൻ വാട്‌സ് അപ്പ് കൂട്ടായ്മയുടെ ആദരവ്,  ദീപം കലാവേദിയുടെ ആദരവ് തുടങ്ങി നിരവധി അവാർഡുകൾ  നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജെസ്റ്റ് എ മിനുറ്റ് എന്ന ടെലിഫിലിമിലഭിനയിച്ചുകൊണ്ടാണ് കനകം ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. സ്പൈഡർ ഹൗസ് എന്ന ചിത്രത്തിലൂടെ കനകം സിനിമാഭിനയരംഗത്ത് തുടക്കംകുറിച്ചു. അകത്തേയ്ക്ക് തുറക്കുന്ന ജാലകം ആയിരുന്നു കനകം അഭിനയിച്ച രണ്ടാമത്തെ ചിത്രം. തുടർന്ന് ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ അഭിനയിച്ചു. ജയ ജയ ജയ ജയ ഹേയിൽ കനകം അവതരിപ്പിച്ച അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം കമ്യൂണിസ്റ്റ് പച്ച എന്ന സിനിമയിലും അഭിനയിച്ചു.

.പരേതനായ കലാചന്ദ്രൻ. ഹേമചന്ദ്രൻ എന്നിവരാണ് കുടശ്ശനാട് കനകത്തിന്റെ മക്കൾ.