ജോജി ജോൺ

Joji John

കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശി. കെ ജെ ജോണിന്റെയും ലൂസമ്മ ജോണിന്റെയും മകനായി ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബി എ കമ്യൂണിക്കേറ്റീവ് ജേർണലിസം ബിരുദമെടുത്തു. ശേഷം ജന്മഭൂമി പത്രത്തിൽ എറണാകുളത്ത് ജോലി ചെയ്തു.  ടിവി സീരിയൽ മേഖലയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. തുടർന്ന് മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായി ചില സിനിമകളിൽ വർക്ക് ചെയ്തിരുന്നു എങ്കിലും പല സിനിമകളും പുറത്തിറങ്ങിയില്ല. അസിസ്റ്റന്റ് ഡയറക്റ്ററായി ജോലി ചെയ്യുന്നതിനിടെ ദിലീഷ് പോത്തനെ പത്ത് വർഷത്തിനു മുമ്പ് തന്നെ പരിചയപ്പെട്ടിരുന്നു. ദീർഘകാല സ്നേഹിതനായ ദിലീഷ് തന്നെയാണ് സിനിമയിൽ അഭിനേതാവായി ജോജിയെ നിർദ്ദേശിക്കുകയും ഓഡീഷനു ശേഷം അഭിനയ പരിശീലനത്തിനൊടുവിൽ പരിഗണിക്കുകയും ചെയ്തത്. നിരവധി ജോലികളും പല മേഖലകളുമൊക്കെ പരീക്ഷിച്ചിരുന്ന ജോജി ജോണിലെ ചില പ്രത്യേകതകൾ ജോജി എന്ന സിനിമക്കും ഫഹദ് ഫാസിലിന്റെ ജോജി എന്ന പേരു തന്നെയുള്ള കഥാപാത്ര സൃഷ്ടിക്കുപയോഗിക്കുകയും ചെയ്ത് സാക്ഷാൽ ജോജിയേത്തന്നെ സിനിമയിൽ ജെയ്‌സൺ എന്ന ജേഷ്ഠൻ കഥാപാത്രമായി അഭിനയിപ്പിച്ചത് കൗതുകമാണ്. 

ടിനി ടോം, താരാ കല്യാണെന്നിവർ അഭിനയിച്ച ഏലേസ്യൻ എന്ന ഹ്രസ്വചിത്രം ജോജി സംവിധാനം ചെയ്തിരുന്നു. കുടുംബവുമൊത്ത് മുണ്ടക്കയത്ത് ‌താമസം. ഭാര്യ ഷർമിൾ ജോജി, രണ്ട് മക്കൾ ജോഹൻ, ജോവോൺ - അപ്പനും അമ്മയും കൂടാതെ ജോമോൻ ജോൺ, ജിജി ജോൺ എന്ന സഹോദരന്മാരും ജിൻസി ബെന്നി എന്നീ സഹോദരിയുടെ കുടുംബങ്ങളുമൊക്കെ ഉൾപ്പെട്ടതാണ് ജോജിയുടെ വലിയ കുടുംബം.