ജയസുന്ദർ

Jayasunder

അവലംബം: പ്രദീപ് കുമാരപിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ചങ്ങനാശ്ശേരി പുഴവാതിലിലെ ലക്ഷ്മിപുരം കൊട്ടാരത്തിലെ അംഗമാണ് ജയൻ എന്ന ജയസുന്ദർ. അച്ഛൻ സുന്ദരേശൻപിള്ള. സംഗീതജ്ഞനും അഭിനേതാവുമായ എൽ പി ആർ വർമ്മ അടുത്ത ബന്ധുവാണ്.
ചെറുപ്പം മുതലേ കായിക അഭ്യാസമുറകൾ ശീലിച്ചിരുന്ന ജയസുന്ദർ
കോളേജിൽ പഠിക്കുമ്പോൾ പലപ്പോഴും ശരീര സൗന്ദര്യമത്സരത്തിൽ വിജയിയായിട്ടുണ്ട്.
രണ്ടു തവണ 'മിസ്റ്റർ കേരള യൂണിവേഴ്സിറ്റി' എന്ന ബഹുമതിയും.
1970 ൽ 'മിസ്റ്റർ ബാംഗ്ലൂർ സിറ്റി' എന്ന പദവിയും നേടിയിരുന്നു .
വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1971 ൽ മദ്രാസിൽ ALIND എന്ന പ്രശസ്തമായ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.  ജോലിയിലിരിക്കുമ്പോഴും മുടങ്ങാതെ വ്യായാമം ചെയ്യുകയും ഫിറ്റ്നസ്സ് നിലനിർത്തുകയും ചെയ്തിരുന്ന ഇദ്ദേഹം
1971 ൽ മദ്രാസിൽ നടന്ന ഒരു മത്സരത്തിൽ 'മിസ്റ്റർ മദ്രാസ് സിറ്റി' ആയും  പിന്നീട്
1972 ലും 73 ലും 74ലും തുടർച്ചയായി 'മിസ്റ്റർ തമിഴ്നാട്' ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഇതിനു പുറമേ
'ഓൾ ഇന്ത്യ ലെവൽ പവർ ലിഫ്റ്റർ', 'മോസ്റ്റ് പവർഫുൾ മാൻ ഓഫ് മദ്രാസ്' തുടങ്ങിയ ചില ബഹുമതികളും നേടിയിട്ടുണ്ട്.
      1975 ൽ റിലീസായ നാത്തൂൻ എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്ത് അഭിനയിച്ചുകൊണ്ട് സിനിമയിലെത്തിയ ജയസുന്ദർ പിന്നീട് മത്സരം, സൂര്യവംശം, ഉല്ലാസയാത്ര, കണ്ണുകൾ തുടങ്ങി ഏതാനും മലയാള സിനിമകളിലും ചില തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. സിനിമാ മേഖലയിൽ ജയൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
അക്കാലത്ത് മാഗസിനുകളിൽ ചില പരസ്യങ്ങളുടെ മോഡലായും ഇദ്ദേഹം  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമാഭിനയം നിർത്തി ഏറെക്കാലത്തിനു ശേഷം 'പാട്ടുകളുടെ പാട്ട്' എന്നൊരു സീരിയലിലും അഭിനയിച്ചിരുന്നു. ശ്രീകുമാരൻ തമ്പിയായിരുന്നു അതിന്റെ സംവിധായകൻ.

നിലവിൽ തിരുവനന്തപുരത്ത് പേയാട് മിന്നംകോട് സ്കൈലൈൻ പാർക്കിലാണ് ജയസുന്ദറിന്റെ താമസം.