ജസ്‌നിയ ജയദീഷ്
ദുബായിൽ സ്വകാര്യകമ്പനിയിൽ കൊമേഴ്സ്യൽ മാനേജർ ആയിരുന്ന ജയദീഷ് കെ ദാമോദറിന്റെയും അമ്പിളിയുടെയും മകളായി 2002 ഡിസംബർ 17ന് ജനിച്ചു. തൃശൂരാണ് സ്വദേശം. ഏഴാം ക്ലാസ് വരെ ദുബായിലെ ഗൾഫ് മോഡൽ സ്കൂളിലും, തുടർന്ന് തൃശൂർ പാവറട്ടി ക്രൈസ്റ്റ് കിംഗ് ഗേൾസ് ഹൈസ്കൂൾ, മുല്ലശ്ശേരി ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങിലുമായിരുന്നു വിദ്യാഭ്യാസം. നിലവിൽ തൃശൂർ സെന്റ് തോമസ് കോളേജിൽ ബിരുദ വിദ്യാർഥിനിയാണ്.
ഡോ.മഹേഷ് പിള്ളയുടെ ശിഷ്യയായി മോഹിനിയാട്ടവും, തൃശ്ശിവപേരൂർ കണ്ണന്റെ കീഴിൽ കുച്ചിപ്പുഡിയും അഭ്യസിച്ചിട്ടുള്ള നർത്തകിയായ ജസ്നിയ 2012 ൽ കേരള സോഷ്യൽ സർക്കിൾ, യു എ ഇ സംഘടിപ്പിച്ച 'സേവനം കലോൽത്സവ'ത്തിൽ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരിക്കേ 2013 ൽ അമൃത ടിവി ചാനലിലെ സൂപ്പർ ഡാൻസർ ജൂനിയർ 7 എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിനുപുറമേ യു എ ഇ യിലെ സയൻസ് ഇന്ത്യാ ഫോറം, ഐ.എസ്.ആർ.ഒ യുമായി സഹകരിച്ച് നടത്തുന്ന ശാസ്തപ്രതിഭാ കോണ്ടസ്റ്റിൽ 2013-2014 വർഷെത്തെ വിജയിയാവുകയും ചെയ്തിട്ടുണ്ട്.
2016 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡിയിൽ മൂന്നാംസ്ഥാനവും മോഹിനിയാട്ടത്തിൽ എ ഗ്രേഡും നേടിയിരുന്നു. 2017 ൽ തൃശൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡിയിൽ ഒന്നാംസ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ദേശീയ കലോത്സവത്തിൽ കേരളത്തിന്റെ പ്രതിനിധിയായി മോഹിനിയാട്ടം അവതരിപ്പിച്ചതും ജസ്നിയ ആയിരുന്നു. ദേശീയതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
2018 ൽ സുരേഷ് നാരായണൻ സംവിധാനം ചെയ്ത പ്രേമാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ജി എസ് പ്രദീപ് സംവിധാനം ചെയ്ത സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ൽ മികച്ച ബാലതാരത്തിനുള്ള സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമിയുടെ അവാർഡ് ലഭിച്ചു. കുഞ്ഞെൽദോ, ജമാലിന്റെ പുഞ്ചിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഡാൻസ് പ്രോഗ്രാമുകളിലും മോഡലിംഗിലും സജീവമായ ജസ്നിയ ജയദീഷ് സിനിമകൾക്കു പുറമേ ഹ്രസ്വചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിലവിൽ ഗുരുവായുരാണ് താമസം. സഹോദരൻ ജസ്നിത്ത് എം.ബി.ബി. എസ് വിദ്യാർത്ഥിയാണ്.
ജസ്നിയയുടെ ഫെയ്സ്ബുക്ക് പേജ്, ഇൻസ്റ്റഗ്രാം