ഗംഗ മീര
ജാൻ.എ.മൻ ചിത്രത്തിലെ അമ്മവേഷം കൊണ്ടും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 ചിത്രത്തിലെ ഹരിയാനക്കാരി ഹോം നേഴ്സിന്റെ വേഷംകൊണ്ടും ശ്രദ്ധിക്കപെട്ട അഭിനേത്രി. തിരുവല്ല സ്വദേശിനി. ബസേലിയോസ് കോളേജ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങിയ ഇടങ്ങളിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂള്‍ - കോളേജ് കാലത്ത് ക്യാമ്പസ് നാടകങ്ങളില്‍ അഭിനയച്ചപ്പോള്‍ സ്വയം ആനന്ദം കണ്ടെത്താന്‍ സാധിച്ചതാണ് വൈകിയ വേളയിലും സിനിമയില്‍ ഒരു കൈ നോക്കാന്‍ ഗംഗയ്ക്ക് പ്രചോദനം നല്‍കിയത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദധാരിയായ ഗംഗ കോഴിക്കോട് IIMലെ ജോലി ഉപേക്ഷിച്ചാണ് സിനിമ ലക്ഷ്യം വെച്ച് കൊച്ചിയിലേക്ക് സ്വയം പറിച്ചുനട്ടത്. കൊച്ചിയില്‍ ജോലിക്കൊപ്പം ചലച്ചിത്ര ഓഡീഷനുകളില്‍ പങ്കെടുത്ത ഗംഗയ്ക്ക് 'ഒരു സിനിമാക്കാരൻ' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ വെള്ളിത്തിരയില്‍ മുഖം കാണിക്കാന്‍ അവസരം കിട്ടി. അഞ്ജലി മേനോന്റെ 'കൂടെ' ആണ് ഗംഗ പിന്നീട് അഭിനയിച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25 ലെ വേഷത്തിലൂടെ ആണ് ഗംഗ പ്രേക്ഷകമനസ്സില്‍ പതിയുന്നത്. 2021ല്‍ പുറത്തുവന്ന ജാൻ.എ.മൻ എന്ന ചിത്രത്തിലെ മുഴുനീള അമ്മ വേഷം അവര്‍ക്ക് വലിയ കൈയ്യടി നേടികൊടുത്തിട്ടുണ്ട്. മഴവില്‍ മനോരമ ചാനലിലെ മറിമായം എന്ന ശ്രദ്ധേയ കോമഡി പരിപാടിയിലും അഭിനയിച്ചിട്ടുണ്ട് ഗംഗ മീര.
അരുൺ കെ അച്ചുതനാണ് ഗംഗയുടെ ജീവിത പങ്കാളി. നിലവിൽ കൊച്ചിയിൽ താമസിക്കുന്നു.
ഗംഗയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ | ഫേസ്ബുക്ക് പ്രൊഫൈൽ