ദുർവ
കേരളത്തിൽ താമസിക്കുന്ന ഗുജറാത്തികളായ ജിതേന്ദ്ര ഠാക്കൂറിന്റേയും സേചലിന്റേയും മകളായി ജനിച്ചു. ദുർവ പഠിച്ചതും വളർന്നതുമെല്ലം എറണാകുളത്തായിരുന്നു. മട്ടാഞ്ചേരിയിലെ ശ്രീ ഗുജറാത്തി വിദ്യാലയയിലായിരുന്നു ദുർവയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തൃപ്പൂണിത്തുറ ചിന്മയ കോളേജിൽ നിന്നും ബികോം ബിരുദം നേടി.
കോളേജ് പഠനകാലത്താണ് ദുർവ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. വലിയപെരുന്നാള് എന്ന സിനിമയിൽ നായികയായ ഹിമിക ബോസിന് ശബ്ദം പകർന്നുകൊണ്ടായിരുന്നു തുടക്കം. വലിയ പെരുന്നാളിൽ വില്ലനായി അഭിനയിച്ച കുടുംബ സുഹൃത്ത് കശ്യപ് വഴിയാണ് ദുർവയ്ക്ക് സിനിമയിൽ ഡബ്ബിംഗ് അർട്ടിസ്റ്റാവാനുള്ള അവസരം ലഭിച്ചത്. ബികോം കഴിഞ്ഞ് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്ന ദുർവ അവിടെ ജോലിയെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർന്ന് ഭീമ ജ്വല്ലേഴ്സ്, ജോയ് ആലുക്കാസ് എന്നിവയുടേതുൾപ്പെടെ നിരവധി പരസ്യങ്ങളിൽ അഭിനയിച്കു. ഫൈസൽ ഫാസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി ദുർവ അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്.