ചേർത്തതു് Baiju T സമയം
അരുൺ ദിവാകരൻ
വിനീത്, ലക്ഷ്‌മി ഗോപാലസ്വാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്തു സിനിമാശാലകളിലേക്ക് ഉടന്‍ പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്ന ചിത്രമാണ് കാംബോജി. ഒരു മ്യുസിക്കല്‍ ത്രില്ലര്‍ എന്ന വിശേഷണവുമായാണ് വിനോദ് മങ്കര ഈ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളായ കരയിലെക്കൊരു കടല്‍ ദൂരം, ഒറ്റ മന്ദാരം എന്നീ ചിത്രങ്ങള്‍ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയതിനു പുറമെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങള്‍ കൂടിയായിരുന്നു.
കാംബോജി എന്നത് കര്‍ണ്ണാടക സംഗീതത്തിലെ പ്രശസ്തവും പ്രാചീനവുമായ ഒരു രാഗമാണ്. ഭക്തിയും ശൃംഗാരവും എല്ലാം നിറഞ്ഞു തുളുമ്പുന്ന ഒരു രാഗം. കഥകളി സംഗീതത്തിലാണ് ഏറ്റവും കൂടുതൽ ഈ രാഗം ഉപയോഗിച്ച് കണ്ടിട്ടുള്ളത്. കീചകവധം ആട്ടക്കഥയിലെ " ഹരിണാക്ഷി " എന്ന പദം ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. സൈരന്ധ്രിയോട് കീചകന്റെ പ്രണയഭാവം പുറത്തു വരുന്നതാണ് പദസന്ദർഭം. കാംബോജി രാഗത്തിലാണ് ഹരിണാക്ഷി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കാംബോജി എന്ന പേര് ഈ ചിത്രത്തിനു നല്‍കണമെങ്കില്‍ ഈ ചിത്രവും ഇതിലെ ഗാനങ്ങളും എത്രമാത്രം കര്‍ണ്ണാടക സംഗീതാധിഷ്ടിതം ആണെന്ന് നമുക്ക് മനസിലാക്കാം. തൊണ്ണൂറുകളില്‍ ഉണ്ടായ ഭരതം , ഹിസ് ഹൈനെസ് അബ്ദുള്ള, സര്‍ഗ്ഗം , ദേശാടനം എന്നീ ചിത്രങ്ങള്‍ പോലെ കര്‍ണ്ണാടക സംഗീതത്താല്‍ അധിഷ്ടിതമായ ഒരു ചിത്രം കൂടി നമുക്ക് കിട്ടുകയാണ് ഈ കാലഘട്ടത്തിൽ. മലയാള സിനിമയുടെ ആ സുവര്‍ണ്ണ കാലഘട്ടം ഒരു പക്ഷെ മടങ്ങി വരികയാവാം കാംബോജിയിലൂടെ .
കഥകളിയും മോഹിനിയാട്ടത്തെയും കോര്‍ത്തിണക്കി അതിലൂടെ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വിനോദ് മങ്കര. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാകിയാണ് അദ്ദേഹം ഈ ചിത്രം അണിയിചൊരുക്കുന്നത്ക്കുന്നത്. മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ ആയ ഒറ്റപ്പാലം വരിക്കാശ്ശേരി മനയില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം.
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഉമാ അന്തര്‍ജ്ജനം എന്ന കഥാപാത്രമാണ് ലക്ഷ്മി ഗോപാലസ്വാമി ചെയ്യുന്നത് . അതേ സമയം കഥകളിയിലും താല്പര്യമുള്ള ഉമാ അന്തര്‍ജ്ജനത്തിന്റെ കഥകളി കളരിയില്‍ അഭ്യസിക്കാന്‍ എത്തുന്ന കുഞ്ഞുണ്ണി എന്നാ കഥാപാത്രത്തെയാണ് ശ്രീ വിനീത് അവതരിപ്പിക്കുന്നത്. അവര്‍ തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മലയാളത്ത്തിന്റെ മഹാകവി ശ്രീ ഓ എന്‍ വി അവസാനമായി തൂലിക ചലിപ്പിച്ച ചിത്രം കൂടിയാണ് കാംബോജി. നടവാതില്‍ , ശ്രുതി ചേരുമോ , ചെന്താര്‍ നേര്‍മുഖി എന്നീ മൂന്നു ഗാനങ്ങള്‍ ആണ് അദ്ദേഹം ഈ ചിത്രത്തിനു വേണ്ടി എഴുതിയിരിക്കുന്നത്. ഇത്തരം ശാസ്ത്രീയ സംഗീതം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള്‍ക്ക് ആര് സംഗീത സംവിധാനം ചെയ്യും എന്ന ചോദ്യത്തിനു സംവിധായകന് മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ടി വന്നിരിക്കില്ല. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ ശ്രീ എം ജയചന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
അതിമനോഹരങ്ങളായ ഗാനങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രവീന്ദ്ര സംഗീതം തന്റെ ശൈലിയിലൂടെ തിരിച്ചു കൊണ്ട് വരാന്‍ ശ്രീ എം ജയചന്ദ്രന് ആയിട്ടുണ്ട്. കഥകളി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും പൊതുവായി കണ്ടു വരുന്ന മനോഹരങ്ങളായ രാഗങ്ങള്‍ ആണ് ഈ ചിത്രത്തിനു വേണ്ടി ശ്രീ എം ജയചന്ദ്രന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ചിത്രത്തിനു വീണ വായിച്ചിരിക്കുന്നത് പ്രശസ്ത വൈണികൻ രാജേഷ് വൈദ്യയാണ്. ഈ മനോഹര ഗാനങ്ങളോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഉള്ള ഗാനങ്ങളുടെ ചിത്രീകരണവും മനോഹരമാക്കിയിരിക്കുന്നു സംവിധായകന്‍ ശ്രീ വിനോദ് മങ്കര.
ചിത്രത്തിലെ ഗാനങ്ങളിലേക്ക്...... രാഗങ്ങളിലേക്ക്
നടവാതില്‍ - ശ്രീമതി കെ എസ് ചിത്രയുടെ കോകില നാദത്തില്‍ പിറന്ന ശ്രവ്യമനോഹരമായ ഒരു ഗാനം.
ശ്രുതി ചേരുമോ - ചിത്രത്തിന്റെ പേരിനോട് നീതി പുലര്ത്തികൊണ്ട് കാംബോജി രാഗത്തില്‍ വളരെ ലളിതമായി ചിട്ടപ്പെടുത്തിയിരിക്കുന്നതു മാത്രമല്ല ഗാന ഗന്ധര്‍വ്വന്‍റെ നാദമാധുരി അതിമനോഹരമായി ഉപയോഗിച്ചിരിക്കുന്നു ശ്രീ എം ജയചന്ദ്രന്‍.
അംഗുലീ സ്പര്‍ശം - " ഭൈരവി " രാഗത്തില്‍ അതിമനോഹരമായ മറ്റൊരു ഗാനം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ "ഭൈരവി " എന്ന രാഗത്തില്‍ ഗാനങ്ങള്‍ പിറക്കാറുള്ളു. ബോംബെ ജയശ്രീയമ്മ യുടെ ശബ്ദത്തില്‍ അതിശ്രേഷ്ടം ഈ ഗാനം. കഥകളി സംഗീതത്തില്‍ നല്ലപോലെ ഉപയോഗിക്കുന്നതും , കര്‍ണ്ണാടക സംഗീതത്തില്‍ വളരെ പ്രാധാന്യമേറിയ ഒരു ഘന ഗാംഭീര്യം ഉള്ള ഒരു രാഗം കൂടിയാണ് " ഭൈരവി " . ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ വിനോദ് മങ്കരയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്.
ചെന്താര്‍ നേര്‍ മുഖി - ശ്രീമതി കെ എസ് ചിത്രയും പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ശ്രീ വത്സന്‍ ജെ മേനോനും ചേര്‍ന്ന് പാടിയ മനോഹരമായ ഒരു രാഗ മാലികയാണ് ഈ ഗാനം. സുരുട്ടി , ഖമാസ് , സാവേരി, ഷണ്മുഖപ്രിയ , ബേഗഡ എന്നീ അഞ്ചു രാഗങ്ങള്‍ ആണ് ശ്രീ എം ജയചന്ദ്രന്‍ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഈ ഗാനത്തി നൊടുവിൽ ബേഗഡയില്‍ നിന്ന് ജതിയിലൂടെ സുരുട്ടിയിലേക്ക് ഉള്ള തിരിച്ചു പോക്ക് വളരെ ഗംഭീരം ആണ്.
ഇറക്കം വരാമല്‍ - ശ്രീ ഗോപാല കൃഷ്ണ ഭാരതി രചിച്ച കൃതിയാണിത്. ബിഹാഗ് എന്ന ശങ്കരാഭരണ ജന്യമായ രാഗത്തിലാണ് പരമ്പരാഗതമായ ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീ ബോംബെ ജയശ്രീയമ്മയാണ് ഈ ഗാനം ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത് .
ഒളിവില്‍ ഉണ്ടോ - നളചരിതം നാലാം ദിവസം ആട്ടക്കഥയിലെ പ്രശസ്തമായ ഒരു പദമാണിത്. " ഭൈരവി " രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ പദം ശ്രീമതി നന്ദിനി യാണ് ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഉപയോഗിചിട്ടില്ല എന്ന്‍ മറ്റൊരു പ്രത്യേകത കൂടി ഈ പദത്തിനുണ്ട്.
ഹരിണാക്ഷി - കീചക വധം ആട്ടക്കഥയിലെ പ്രശസ്തമായ ഒരു പദം ആണ് ഹരിണാക്ഷി. കാംബോജി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ പദം പാടിയിരിക്കുന്നത് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ മധു.
മറിമാന്‍ കണ്ണി - നളചരിതം മൂന്നാം ദിവസം ആട്ടക്കഥയിലെ ഒരു പദം ആണിത്. ദ്വിജാവന്തി രാഗത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ പദം ശ്രീ കലാനിലയം സിനു ആണ് ആലപിച്ചിരിക്കുന്നത്. ഈ ഗാന രംഗത്തും പശ്ചാത്തല സംഗീതം ഉപയോഗിച്ചിരിക്കുന്നില്ല.
ഇത്രയും രാഗാധിഷ്ഠിതമായതും സംഗീത സാന്ദ്രവുമായ ഒരു സംഗീത ആൽബം അടുത്തൊന്നും മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല. മാസങ്ങളോളം എടുത്താണ് ശ്രീ എം ജയചന്ദ്രൻ ഇതിന്റെ ഗാനങ്ങൾ കമ്പോസ് ചെയ്തത്. മഹാകവി ശ്രീ ഓ എൻ വി , അദ്ദേഹം കൈയുടെ വേദന പോലും മറന്നാണ് ഇതിലെ ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. കാംബോജി യിലൂടെ ഇനിയും ശ്രീ എം ജയചന്ദ്രനെ തേടി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ എത്തട്ടെ എന്നു പ്രാർത്ഥിക്കാം. നന്ദി.