ചേർത്തതു് Baiju T സമയം
അരുൺ ദിവാകരൻ
തെക്കിനിയില്‍ നിന്ന് കേള്‍ക്കുന്ന ഗാനത്തിനു പഴമ തോന്നിക്കുവാന്‍ വേണ്ടിയാണ് ശ്രീ എം ജി രാധാകൃഷ്ണന്‍ ആഹരി എന്ന പഴക്കമേറിയ രാഗം മണിച്ചിത്രത്താഴിനു വേണ്ടി ഉപയോഗിച്ചത്. സിനിമാ സംഗീതത്തില്‍ അന്നുവരെ കേള്‍ക്കാത്ത ഒരു രാഗം ഈ ചിത്രത്തില്‍ പരീക്ഷിക്കണം എന്ന നിര്‍ബന്ധം ആണ് അദ്ദേഹത്തെ ആഹരിയില്‍ ഒരു ഗാനം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തെക്കിനി പോലുള്ള നിഗൂഡതകള്‍ നിറഞ്ഞ ഒരു സ്ഥലത്തുനിന്നു നിഗൂഡതകള്‍ നിറഞ്ഞ ഒരു ഈണം ആണ് ശ്രീ എം ജി രാധാകൃഷ്ണന്‍ ഈ ചിത്രത്തില്‍ കൊണ്ട് വന്നിരിക്കുന്നത്. ആഹരിയുടെ ക്ലാസിക്കല്‍ - സെമി ക്ലാസ്സിക്കല്‍ പതിപ്പുകള്‍ ആണ് നാഗവല്ലിയും ഡോ. സണ്ണിയും ഈ ചിത്രത്തില്‍ ആലപിക്കുന്നുണ്ട്.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ പഴം തമിഴ് പാട്ട് ഇഴയും എന്ന ഗാനം ആണ് ആഹരിയെ വളരെയേറെ പ്രശ്സ്തമാകിയത്. " ഒരു മുറൈ വന്തു പാറായോ " എന്ന് നാഗവല്ലി തെക്കിനിയില്‍ പാടി നൃത്തം ചെയ്യുന്നതും ഈ രാഗത്തില്‍ തന്നെ. പക്ഷെ മണിച്ചിത്രത്താഴിനു മുമ്പും അന്നം മുടക്കി എന്ന് വിശേഷണം ഉള്ള ആഹരി രാഗത്തിൽ ഗാനങ്ങള്‍ കമ്പോസ് ചെയ്യുവാന്‍ ദേവരാജന്‍ മാഷിനെ പോലുള്ള പ്രഗല്‍ഭര്‍ ധൈര്യം കാണിച്ചു എന്നതു അധികം ആര്‍ക്കും അറിയാത്തൊരു കാര്യമാണ്.
ഗുരുവായൂര്‍ കേശവന്‍ എന്ന ചിത്രത്തിലെ " സുന്ദരസ്വപ്നമേ " എന്ന ഗാനത്തില്‍ ആണ് ദേവരാജന്‍ മാഷ് ആഹരിയുടെ മനോഹരങ്ങളായ പ്രയോഗങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. ഭാസ്കരന്‍ മാഷിന്റെ അസാധ്യമായ വരികള്‍ക്ക് ദേവരാജന്‍ മാഷിന്റെ പകരം വെയ്ക്കാനില്ലാത്ത മനോഹര സംഗീതം. മലയാള സിനിമാ സംഗീതത്തില്‍ ലക്ഷണമൊത്ത രാഗമാലികകളില്‍ പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ഒരു ഗാനമാണിത്.
നാലു കവിതാ ഖണ്ഡിക ആയിട്ടാണ് ഭാസ്കരന്‍ മാഷ് ഈ ഗാനം രചിച്ചിരിക്കുന്നത്.
അതിനു അനിയോജ്യമായി നാലു രാഗങ്ങള്‍ ( കല്യാണി, വസന്ത, കാപി, ആഹരി ) ദേവരാജന്‍ മാഷ് നല്‍കിയിരിക്കുന്നു. ആഹരി എന്ന രാഗത്തിന് നല്ല പോലെ വിലക്ക് ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് ദേവരാജന്‍ മാഷ് ഈ ഗാനത്തില്‍ ആഹരിയുടെ അസാധ്യമായ പ്രയോഗങ്ങള്‍ കൊണ്ട് വന്നത് എന്ന് ഓര്‍ക്കണം. ഒരു നിരീശ്വരവാദി കൂടിയായ ദേവരാജന്‍ മാഷ് അത്തരം വിശ്വാസങ്ങളെ പുശ്ചിച്ചുതള്ളി ആഹരി എന്ന രാഗത്തെ ഈ ഗാനത്തിലെ " പൂത്താലമേന്തിയ താരകള്‍ " എന്ന വരികളില്‍ ഉപയോഗിച്ചത്.
കല്യാണി
സുന്ദരസ്വപ്നമേ നീയെനിക്കേകിയ വർണ്ണച്ചിറകുകൾ വീശി
പ്രത്യൂഷ നിദ്രയിൽ ഇന്നലെ ഞാനൊരു ചിത്ര പതംഗമായ് മാറി (സുന്ദര)
വസന്ത
രാഗ സങ്കൽപ്പ വസന്ത വനത്തിലെ മാകന്ദ മഞ്ജരി തേടി
എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ എന്തിനു ചുറ്റിപ്പറന്നു (സുന്ദര)
കാപി
താരുണ്യ സങ്കൽപ്പ രാസ വൃന്ദാവന താരാപഥങ്ങളിലൂടെ ആ...ആ...(താരുണ്യ) പൗർണമി തിങ്കൾ തിടമ്പെഴുന്നെള്ളിച്ച പൊന്നമ്പലങ്ങളിലൂടെ
ആഹരി
പൂത്താലമേന്തിയ താരകൾ നിൽക്കുന്ന ക്ഷേത്രാങ്കണങ്ങളിലൂടെ എന്നെ മറന്നു ഞാൻ എല്ലാം മറന്നു ഞാൻ എന്തിനു ചുറ്റിപ്പറന്നൂ (സുന്ദര)
പഴംതമിഴ് പാട്ടിനു ശേഷം ആഹരി കേള്‍ക്കുന്നത് രതിനിര്‍വേദം എന്ന ചിത്രത്തില്‍ ആണ്. ഇതില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ " ചെമ്പകപൂങ്കാട്ടിലെ ചിത്രമണി പൊയ്കയില്‍ " എന്ന ഗാനത്തില്‍ ആഹരിയുടെ ഒരു ഫോക്ക് വേര്‍ഷന്‍ ആണ് പരീക്ഷിച്ചിരിക്കുന്നത്. ആ രാഗത്തിന് മേലുള്ള അന്ധവിശ്വാസം ക്രമേണ കുറഞ്ഞു വരുന്നു എന്നത് ഈ ഗാനത്തിലൂടെ വ്യക്തമാണ്.
സംഗീത ശാസ്ത്ര പ്രകാരം ആഹരി പതിനാലാമത് മേളകര്‍ത്താരാഗമായ വകുളാഭാരണത്തില്‍ നിന്നും ഉണ്ടായതാണ്. ഇന്ന് മലയാള സിനിമ സംഗീതത്തില്‍ യുവ തലമുറയിലെ ശ്രദ്ദേയനായ ശ്രീ ഗോപി സുന്ദറിന് വകുളാഭരണം എന്ന സ്കെയില്‍ വളരെ പ്രിയമാനെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ചില ഗാനങ്ങളില്‍ വകുളാഭരണം നന്നായി ഉപയോഗിച്ച് കാണാറുണ്ട്.
" എന്നിലെ എല്ലിനാല്‍ പടച്ചപെണ്ണെ " എന്ന ഗാനത്തിലൂടെ ഗോപി സുന്ദറിനു ആ ഗാനം കേള്‍ക്കുന്നവരുടെ മിഴികളെ ഈറന്‍ അണിയിക്കാന്‍ സാധിച്ചു എങ്കില്‍ അത് വകുളാഭരണം എന്ന രാഗം അത്രമാത്രം പവര്‍ഫുള്‍ ആണ്. മുക്കത്തെ പെണ്ണെ എന്ന ഗാനം കൂടാതെ മറ്റു ചില ഗാനങ്ങളും ശ്രീ ഗോപി സുന്ദര്‍ ഈ സ്കെയില്‍ ബേസ് ചെയ്തു ചെയ്തിട്ടുണ്ട്.
1. മുക്കത്തെ പെണ്ണെ ( എന്ന് നിന്റെ മൊയ്ദീന്‍ )
2. ചിത്തിരത്തിര ( ചാര്‍ളി )
3. മാനത്തെ മാരിക്കുറുമ്പേ ( പുലിമുരുകന്‍ )
ഏറ്റവും കൂടുതല്‍ ഈ സ്കെയില്‍ ഉപയോഗിച്ച് കാണുന്നത് അറബ് രാജ്യങ്ങളില്‍ ആണ്. മുസ്ലീം പള്ളികളില്‍ ബാങ്ക് വിളിക്കുന്നത് പോലും ഈ രാഗത്തിലാണ്.
സ്പെയിന്‍, ഗ്രീസ്, ടര്‍ക്കി , മിഡില്‍ ഈസ്റ്റ് , ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും ഈ സ്കെയില്‍ സാധാരണയായി ഉപയോഗിക്കാറുണ്ട് .
ഒട്ടനവധി സ്വാതിതിരുനാള്‍ കൃതികള്‍ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. " പനിമതി മുഖി ബാലെ " എന്ന കൃതി ആഹരിയുടെ മനോഹരങ്ങളായ ചില പ്രയോഗങ്ങള്‍ ഉള്ളവയാണ്. വരാളി രാഗം പോലെ ആഹരിയും ഗുരുക്കന്മാര്‍ ശിഷ്യര്‍ക്ക് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. ആഹരിയുടെ വിശദരൂപം ഇന്നും അവ്യക്തമാണ്.