കമലദളത്തിലെ സീതാരാമായണം

 അരുൺ ദിവാകരൻ

നന്ദഗോപൻ എഴുതി ചിട്ടപ്പെടുത്തിയ സീതാരാമായണം എന്ന സംഗീത നൃത്ത നാടകം അരങ്ങിൽ അവതരിപ്പിച്ചു കാണണം എന്നത് നന്ദഗോപന്റെ ജീവിതാഭിലാഷമായിരുന്നു. ആദ്യമൊക്കെ തികഞ്ഞ മദ്യപാനിയായ നന്ദഗോപനെ വെറുത്തിരുന്നു എങ്കിലും പിന്നെ എപ്പോഴോ മാളവിക നന്ദഗോപനെ നൃത്ത നൈപുണ്യത്തിൽ ആകർഷയായി അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഗുരുവിനെ കാമിക്കുന്നവൾ സ്വന്തം പിതാവിനെ കാമിക്കുന്നതിനു തുല്യ ആണെന്ന് പറഞ്ഞു അതിൽ നിന്ന് നന്ദഗോപൻ മാളവികയെ വിലക്കിയിരുന്നു . ആ സ്നേഹം ഗുരു ഭക്തിയായി മാറിയതോടെ തനിക്കു നന്ദഗോപന്റെ ചിരകാലാഭിലാഷമായ സീതാരാമയം ചെയ്യണമെന്ന ആഗ്രഹം നന്ദഗോപനോട് മാളവിക തുറന്നു പറയുകയായിരുന്നു .

കമലദളം എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ ആയിരുന്നു മോഹൻലാൽ അഭിനയിച്ച നന്ദഗോപനും മോനിഷ അഭിനയിച്ച മാളവിക നങ്യാർ എന്ന കഥാപാത്രവും . തൊണ്ണൂറുകളിലെ സംഗീത നൃത്ത പ്രാധാന്യമേറിയ ചിത്രങ്ങളിൽ മുൻപന്തിയിൽ ചിത്രമാണ് കമലദളം. ഒരു നൃത്താധ്യാപകന് വേണ്ട ശരീരവും ശരീര ഭാഷയുമെല്ലാം അദ്ദേഹം നന്ദഗോപനിൽ കൊണ്ട് വന്നു . ചിത്രത്തിന്റെ പല ഭാഗത്തും അദ്ദേഹം ചെയ്ത നൃത്തം, വർഷങ്ങൾ പരിചയമുള്ള നർത്തകരെ പോലും അത്ഭുത സ്തബ്ദരാക്കുന്ന രീതിലുള്ളതായിരുന്നു. ആ കഥാപാത്രത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം കലാസ്നേഹികളെയും സധാരണ ഒരുപോലെ തൃപ്തരാക്കി. ലോഹിത ദാസ് എന്ന അനുഗ്രഹീത എഴുത്തുകാരന്റെ അസാധ്യമായ എഴുത്ത് ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു . സിബി മലയിലിലിന്റെ സംവിധാനം വളരെ പ്രശംസനീയം തന്നെ. ജോൺസൺ മാഷിന്റെ സന്ദർഭോചിത മായ പശ്ചാത്തല സംഗീതം തെല്ലുമല്ല ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത് . 

രവീന്ദ്രൻ മാഷിന്റെ ദൈവീകത നിറഞ്ഞു നിൽക്കുന്ന അതിമനോഹര ഗാനങ്ങൾ ഈ ചിത്രത്തിന്റെ മറ്റു പ്രത്യേകതയാണ്. ബിലഹരി രാഗത്തിൽ തുടങ്ങുന്ന രാഗമാലിക ആനന്ദ നടനം ആടിനാൻ, കാംബോജി രാഗത്തിലെ യിലെ ശ്രിംഗാര രസം തുളുമ്പുന്ന പ്രേമോദാരനായ് അണയൂ നാഥാ...മാണ്ട് രാഗത്തിലെ സായന്തനം ചന്ദ്രികാ ലോലമായ് . രാഗമാലികയായ സുമുഹൂർത്തമായ് ..എന്നിങ്ങനെ അർദ്ധ ശാസ്ത്രീയ ഗാനങ്ങളുടെ ശ്രവ്യ വിസ്മയം തീർക്കാൻ രവീന്ദ്രൻ മാഷിന് കഴിഞ്ഞു. 'ജയഗണ മുഖനെ' എന്ന് തുടങ്ങുന്ന അത്ര പ്രശസ്തമല്ലാത്ത ഒരു ഗാനം കൂടിയുണ്ട് ചിത്രത്തിൽ . നന്ദഗോപൻ മാളവികയെ നൃത്തം പരിശീലിപ്പിക്കുന്ന സന്ദർഭമായിരുന്നു അതിന്റെ ഗാന ചിത്രീകരണം. അഠാണയും അമൃത വർഷിണിയുമായിരുന്നു മാഷ് ആ ഗാനത്തിന് വേണ്ടി ഉപയോഗിച്ചത്. 

.ഒരു പ്രഗത്ഭനായ സംഗീത വിദ്വാൻ സംഗീത കച്ചേരി ചെയ്യുന്ന അതെ രീതിയായിരുന്നു രവീന്ദ്രൻ മാഷ് സുമുഹൂർത്തമായ എന്ന രാഗമാലിക കംപോസ് ചെയ്തത്. ഹംസധ്വനിയിൽ തുടങ്ങി മധ്യമാവതിയിൽ അവസാനിക്കുന്ന ഒരു കച്ചേരി കേൾക്കുന്ന സുഖം. രാമായണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വരികളിലൂടെ കൈതപ്രം തിരുമേനി ഈ സീതാ രാമായണം എന്ന നൃത്ത നാടകത്തിൽ എഴുതിയിരിക്കുന്നത്. രാമായണത്തിന്റെ പര്യവസാനത്തിൽ സീത, തന്റെ അമ്മയായ ഭൂമീദേവിയെ വിളിച്ച് പ്രാർഥിച്ച് അന്തർധാനം ചെയ്യുന്നതാണ് സന്ദർഭം. 

അഞ്ചു രാഗങ്ങൾ കോർത്ത ഒരു രാഗമാലികയാണ് സുമുഹൂർത്തമായ് എന്ന ഗാനം. അഞ്ചു ഗാനങ്ങൾ കോർത്തിണക്കിയ ഒരു അപൂർവ രാഗമാലിക. ഒരു ഖണ്ഡികയുടെയും പ്രാധാന്യം അനുസരിച്ചു അതിനു യോജിച്ച രാഗം നൽകിയിരിക്കുന്നു മാഷ് . സാരമതി വരുന്ന ഭാഗമൊക്കെ ശരിക്കും ഒരു കഥകളി സംഗീതത്തിന്റെ ശൈലിയിൽ ആയിരുന്നു മാഷ് ചിട്ടപ്പെടുത്തിയത് . ഗാന ഗന്ധർവ്വ ന്റെ അസാധ്യ ആലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഓർക്കസ്ട്രേഷനും അതി ഗംഭീരം തന്നെ. 

പിടക്കുന്നു പ്രാണൻ ..അതെ വിഷം ഉള്ളിൽ ചെന്ന് നന്ദഗോപന്റെ പ്രാണൻ പിടയുകയാണ് .ഒരു ഗായകൻ എന്നെന്നേക്കുമായി തന്റെ സംഗീത ജീവിതം അവസാനിപ്പിക്കുന്നത് മധ്യമാവതിയിൽ മംഗളം പാടിയാണ്. അതുപോലെ നന്ദഗോപൻ വിഷം ഉള്ളിൽ ചെന്ന് മരണത്തോടടുക്കുകയാണ്, എന്നേക്കുമായി സംഗീതം ഉപേക്ഷിച്ചു ഇഹലോക വാസം വെടിയു കയാണ് നന്ദഗോപൻ . അമ്മേ.. സർവ്വംസഹയാം അമ്മേ.. ഭൂമിദേവിയുടെ പുത്രിയായ ത്രേതായുഗത്തിന്റെ കണ്ണുനീർ മുത്ത് തിരിച്ചു ഭൂമിദേവിയുടെ പക്കലിലേക്ക് തന്നെ വിടപറയുന്നു. 
അതുപോലെ നന്ദഗോപനും ഇഹലോകവാസം വെടിയുന്നു.

സുമുഹൂർത്തമായ് എന്ന രാഗമാലികയിലേക്ക് ..........

ഹംസധ്വനി
സുമുഹൂർത്തമായ്...
സ്വസ്തി.. സ്വസ്തി... സ്വസ്തി..
സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ..
ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ..
സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ 
സ്വസ്തി.. സ്വസ്തി.. സ്വസ്തി..

ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ 
മാമാങ്കമേകിയ കോസലരാജകുമാരാ..
സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..

ആഭോഗി 

ആത്മനിവേദനമറിയാതെ എന്തിനെൻ
മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ..
രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
വെറുതെ പതിച്ചു വച്ചൂ..
കോസലരാജകുമാരാ....

സാരമതി 

എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ...
എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
സീത ഉറങ്ങിയുള്ളൂ...

പന്തുവരാളി 

പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം
ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ..
അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം
രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ..

മധ്യമാവതി 

അമ്മേ.. സർവ്വംസഹയാം അമ്മേ..
രത്നഗർഭയാം അമ്മേ...
ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ 
നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ...
സുമുഹൂർത്തമായ്...
സ്വസ്തി.. സ്വസ്തി.. സ്വസ്തി...