അരുന്ധതി നാഗ്
ഇന്ത്യൻ ചലച്ചിത്ര,നാടക നടി. 1950 ജൂലൈയിൽ ഡൽഹിയിൽ ജനിച്ചു. അരുന്ധതിയുടെ പത്താംവയസ്സിൽ കുടുംബം ബോംബെയിലേയ്ക്ക് താമസം മാറ്റി. അവരുടെ പതിനേഴാം വയസ്സിൽ നാടകനടനും സംവിധായകനുമായിരുന്ന ശങ്കർനാഗിനെ പരിചയപ്പെട്ടു. ആ പരിചയം അരുന്ധതിയെ നാടകവുമായി അടുപ്പിയ്ക്കുകയും അവർ ശങ്കർ നാഗിനൊടൊപ്പം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങുകയും ചെയ്തു. ആറ് വർഷത്തിനുശേഷം അരുന്ധതി ശങ്കർ നാഗിനെ വിവാഹം ചെയ്തു. ഗിരീഷ് കർണ്ണാട് അടക്കമുള്ള പ്രഗ്ത്ഭരുടെ നാടകങ്ങളിൽ അവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
നാടകങ്ങളോടൊപ്പം ശങ്കർ നാഗ് സിനിമകളിലും അഭിനയിച്ചിരുന്നു.അത് അരുന്ധതി നാഗിന്റെ സിനിമയിലേയ്ക്കുള്ള പ്രവേശനത്തിന് കാരണമായി. 1979- ൽ 22 ജൂൺ 1897 എന്ന കന്നഡ സിനിമയിൽ അഭിനയിച്ചുകൊണ്ട് അരുന്ധതി നാഗ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. 1984- ൽ ആക്സിഡന്റ് എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള കർണ്ണാടക ചലച്ചിത്ര പുരസ്ക്കാരം നേടി. 2005- ൽ ജോഗി എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച സഹനടിയ്ക്കുള്ള കർണ്ണാടക സർക്കാറിന്റെ അവാർഡ് നേടി. 2009- ൽ പാ എന്ന ഹിന്ദി സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാർഡ് അരുന്ധതി നാഗിന് ലഭിച്ചു. കന്നഡ ചിത്രങ്ങളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്. കൂടാതെ ഹിന്ദി, തമിഴ്, മലയാളം, മറാത്തി, ഇംഗ്ലീഷ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2012- ൽ ടാ തടിയാ എന്ന് ചിത്രത്തിലാണ് അവർ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് 2008-ൽ ഡ്രാമ എന്ന സിനിമയിലും അരുന്ധതി നാഗ് ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു.