അനിൽകുമാർ

Anil Kumar Actor
Date of Death: 
തിങ്കൾ, 17 April, 2023
വി ടി ജോസഫ്, 1950's

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ  അരുവിത്തറ വെള്ളിക്കുന്നേൽ കുടുംബത്തിലാണ് വെള്ളുക്കുന്നേൽ അനിൽകുമാർ എന്നറിയപ്പെട്ടിരുന്ന വി.ടി.ജോസഫ് 1934 -ൽ ജനിച്ചത്. ബിരുദപഠനത്തിനായി ചെന്നൈയിൽ താമസിക്കുന്നതിനിടയിലാണ് വി ടി ജോസഫ് പുത്രധർമ്മം എന്ന സിനിമയിൽ നായകനായി ചലച്ചിത്രാഭിനയരംഗത്തേക്കെത്തുന്നത്. സിനിമയിൽ അനിൽകുമാർ എന്ന പേര് സ്വീകരിച്ചു. ടി.ആർ. ഓമനയായിരുന്നു നായിക. ഓമനയുടെ ആദ്യത്തേതും അവസാനത്തേതുമായ നായികാ വേഷമായിരുന്നു. പുത്രധർമ്മത്തിലേത്. ഗോപിയെന്ന ഒരു പത്രം ഏജൻറിൻറെ വേഷമായിരുന്നു അനിൽകുമാർ ചെയ്തത്. 

തിക്കുറിശ്ശി സുകുമാരൻ നായർ, ബഹദൂർ, ലക്ഷ്മീഭായി തുടങ്ങിയ അക്കാലത്തെ പ്രമുഖർക്കൊപ്പം ആദ്യചിത്രത്തിൽ തന്നെ നായകനായി അഭിനയിക്കുവാൻ ഭാഗ്യമുണ്ടായ അനിൽകുമാറിന് ആ ഭാഗ്യം നിലനിർത്തുവാൻ കഴിഞ്ഞില്ല. സിനിമയിൽ അഭിനയിക്കുന്നതിന് അദ്ദേഹത്തിന് വീട്ടുകാരുടെ കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു. 1957 -ൽ സത്യനൊപ്പം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലും പിന്നീട് പരിതസ്ഥിതി എന്ന ചിത്രത്തിലും മാത്രം അഭിനയിച്ചുകൊണ്ട് അനിൽകുമാർ അഭിനയ ജീവിതത്തിൽ നിന്നും പിൻവാങ്ങി. അക്കാലത്ത്, വാസ്കോഡഗാമ എന്നൊരു ചിത്രത്തിൽ കൂടി അഭിനയിച്ചെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല. വെള്ളുക്കുന്നേൽ അപ്പച്ചൻ എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്ന അദ്ദേഹം സിനിമാരംഗത്ത് നിന്ന് പിൻവാങ്ങിയ ശേഷം പ്ലാൻറേഷൻ രംഗത്തേക്കു തിരിഞ്ഞു. 2003 മുതൽ തിരുവനന്തപുരത്തെ കണ്ണമ്മൂലയിലായിരുന്നു താമസം. 

ചെങ്ങന്നൂർ ആലുംമുട്ടിൽ കുടുംബാംഗം സരള ജോസഫാണ് ഭാര്യ. ജൂഡി ജോയ്, ഡിജു ജോസഫ് (എൻജിനീയർ, ഓസ്ട്രേലിയ), ചിത്ര ജോസഫ് (ദുബായ്) എന്നിവർ മക്കളാണ്. 2023 ഏപ്രിലിൽ വി ടി ജോസഫ് അന്തരിച്ചു.