യമ ഗിൽഗിമേഷ്
തിരുവനന്തപുരത്ത് ജനനം. യഥാർത്ഥ നാമം ആതിര എൽ പി. യമ എന്നുള്ളത് തൂലികാനാമമാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിൽ പഠനം. അഭിനയം, തിരക്കഥാ രചന, തിയേറ്റർ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
2008 ൽ കേരള സംഗീത നാടകഅക്കാദമിയുടെ അമച്വർ നാടക മത്സരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
2009 ൽ 'ക്ലാസിക്കൽ പെർഫോമൻസുകളിലെ മൂകാഭിനയം' എന്ന വിഷയത്തിന്റെ ഗവേഷണത്തിനായി ഇൻലാക് സ്കോളർഷിപ് ലഭിച്ചു.
'ഒരു വായനശാലാ വിപ്ലവം'(ഡി സി ബുക്സ്) എന്ന കഥാസമാഹാരവും 'പിപീലിക'(മാതൃഭൂമി ബുക്സ്) എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2010ൽ വിപിൻ വിജയ് സംവിധാനം ചെയ്ത 'ചിത്രസൂത്രം' എന്ന സിനിമയിൽ ഒരു സൈബർ ക്രിയേച്ചർ അഥവാ സൈബോർഗ് ആയി അഭിനയിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ഈ ചിത്രം നിരവധി ഫിലിംഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും ആ വർഷത്തെ സംസ്ഥാന, ദേശീയ അവാർഡ് വേദികളിൽ തിളങ്ങുകയും ചെയ്തു.
പിന്നീട് അഭിനയിച്ചത് വിപിൻ വിജയ് യുടെ തന്നെ 'പ്രതിഭാസം' എന്ന സിനിമയിലാണ്. നിരവധി രാജ്യാന്തര ഫിലിംഫെസ്റ്റിവലുകളിൽ സാന്നിദ്ധ്യമറിയിച്ച ചിത്രത്തിൻ്റെ രചനയിൽ യമയും പങ്കാളിയായിരുന്നു.
2021 ൽ മാർട്ടിൻ പ്രക്കാട്ടിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നായാട്ട് എന്ന സിനിമയിൽ യമ ചെയ്ത അനുരാധ ഐ.പി.എസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.