ടോം ആൾട്ടർ

Tom Alter
Date of Birth: 
Thursday, 22 June, 1950
Date of Death: 
Saturday, 30 September, 2017

അമേരിക്കയിലെ ഒഹായോയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകരായിരുന്ന ജിം ആള്‍ട്ടറിന്റെയും ബറി ആള്‍ട്ടറിന്റെയും മകനായി 1950 ജൂൺ 22 ആം തിയതി ഉത്തര്‍പ്രദേശിലെ മസൂറിയിൽ തോമസ് ബീച്ച് ആള്‍ട്ടര്‍ എന്ന ടോം ആള്‍ട്ടർ ജനിച്ചു.

മസൂറിയിലെ പ്രശസ്തമായ വുഡ്‌സ്റ്റോക്ക് സ്‌കൂളിലെ പഠനത്തിന് ശേഷം തുടര്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയ ടോം അടുത്ത വര്‍ഷം, 1969 ല്‍ തന്നെ ഇന്ത്യയില്‍ തിരിച്ചെത്തി. 

ഉറുദു ഭാഷയില്‍ മികച്ച പ്രാവീണ്യമുണ്ടായിരുന്ന ടോം ഉറുദു കവി എന്ന നിലയിലും ആദ്യകാലത്ത് അറിയപ്പെട്ടു. കവിതയോടൊപ്പം ക്രിക്കറ്റിനെയും സ്‌നേഹിച്ച ടോം മസൂറിയില്‍ കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനവും നല്‍കിയിരുന്നു. 

വിവിധ മേഖലകളില്‍ ശോഭിച്ചിരുന്ന ഈ വെള്ളാരം കണ്ണുകാരന്‍ ഇടയ്ക്ക് കുറച്ച് കാലം ഹരിയാനയിലെ ഒരു സ്‌കൂളില്‍ അധ്യാപകനുമായി ജോലി നോക്കി.

സെമിനാരിയിലെ പഠനവും പിതാവിന്റെ 'മസീഹ ധ്യാന കേന്ദ്ര'യിലൊന്നും മനസ്സുറക്കാത്ത ടോമിന് വഴിത്തിരിവായി മാറിയത് രാജേഷ് ഖന്നയുടെ 'ആരാധന' എന്ന സിനിമയായിരുന്നു. 

സിനിമയോടും രാജേഷ് ഖന്നയോടുമുള്ള ആരാധന ടോമിനെ കൊണ്ടെത്തിച്ചത് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു. 1972 മുതല്‍ 74 വരെ റോഷന്‍ തനേജയുടെ കീഴില്‍ അഭിനയം അഭ്യസിച്ച ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു ബെഞ്ചമിന്‍ ഗിലാനി/നസറുദ്ദീന്‍ ഷാ/ശബാന ആസ്മി എന്നിവര്‍. 

പൂനയിലെ പഠനത്തിന്ന് ശേഷം ബോംബൈയിലേക്ക് വണ്ടി കയറിയ ഇദ്ദേഹം തന്റെ കര്‍മഭൂമിയായി ബോളിവുഡിനെ തെരഞ്ഞെടുത്തു.

ആദ്യകാലങ്ങളില്‍ ഒരു പിടി നല്ല ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ സിനിമകളൊന്നും വിജയം നേടിയില്ല. 

പിന്നീട് ചരസ്/സാഹിബ് ബഹദൂര്‍/ഹം കിസി സെ കം നഹി തുടങ്ങി ചിത്രങ്ങളില്‍ വേഷമിട്ടുവെങ്കിലും പൂച്ചക്കണ്ണും പശ്ചാത്യ ആകാരവുമുള്ള ഇദ്ദേഹത്തെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തിയില്ലെങ്കിലും കിട്ടിയ വേഷങ്ങളില്‍ തന്റെ കഴിവ് പ്രകടമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യപൂര്‍വ്വ കഥ പറയുന്ന മിക്ക സിനിമകളിലും ഇംഗ്ലീഷുകാരന്റെ വേഷത്തെ ഫലിപ്പിക്കാന്‍ ടോം കഴിഞ്ഞേ വേറെയൊരു ഇന്ത്യന്‍ നടനുണ്ടായിരുന്നുള്ളൂ.

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ജീവിതത്തെ ആസ്പദമാക്കി 1994 ല്‍ ഇറങ്ങിയ 'സര്‍ദാര്‍' സിനിമയില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കഥാപാത്രത്തെ അനശ്വരമാക്കിയതിലൂടെ ഇദ്ദേഹം  ലോകശ്രദ്ധ പിടിച്ചു പറ്റി. 

മംഗള്‍ പാണ്ഡേ/വീര്‍ സാറ/ആഷിഖി/ കര്‍മ/പരിന്ദ തുടങ്ങി മുന്നൂറോളം ജനപ്രിയചിത്രങ്ങളിൽ  അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ 'ക്രാന്തി' സിനിമയിലെ ബ്രിട്ടീഷ് ഓഫീസര്‍/'ഗുംര' എന്ന സിനിമയിലെ ശക്തനായ പോലീസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ചില കഥാപാത്രങ്ങള്‍ ഓര്‍മയില്‍ നിന്ന് മായില്ല.

സിനിമാഭിനയത്തോടൊപ്പം സ്റ്റേജ് നടനെന്ന നിലയിലും തിളങ്ങിയ ഇദ്ദേഹം 'ഗാലിബ്' എന്ന നാടകത്തില്‍ മിര്‍സാ ഗാലിബിന്റെ വേഷവും അണിഞ്ഞിരുന്നു. 

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി അരങ്ങത്തെത്തിയ 'മൈ ഗ്രാന്റ് ഡാഡ് ഹാഡ് ആന്‍ എലഫന്റ്' എന്ന നാടകത്തിലും ടോം വേഷമിട്ടിട്ടുണ്ട്. 

ശക്തിമാന്‍/ജുനൂന്‍ തുടങ്ങി ജനപ്രിയ ടി വി സീരിയലുകളിൽ പ്രധാന വേഷമണിഞ്ഞ ഇദ്ദേഹം ക്രിക്കറ്റ് ജേണലിസത്തിലും കൈയ്യൊപ്പ് ചാര്‍ത്തിയീട്ടുണ്ട്. 1988 ല്‍ ആദ്യമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ടി വിയിൽ  ഇന്റര്‍വ്വ്യൂ ചെയ്തത് ഇദ്ദേഹമായിരുന്നു.

ഇംഗ്ലീഷിനൊപ്പം ഹിന്ദി ഭാഷയും ഉറുദു ഭാഷയും ഒരു പോലെ കൈകാര്യം ചെയ്യുമായിരുന്ന ഇദ്ദേഹം ഡബനയര്‍/സ്‌പോര്‍ട്‌സ് വീക്/ ഔട്ട്‌ലുക്ക് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ കോളം എഴുതുമായിരുന്നു. 

നിരവധി ഉറുദു കവിതകൾ  എഴുതിയിട്ടുള്ള ഇദ്ദേഹം മൂന്ന് പുസ്തകങ്ങളുടെ രചിയിതാവാണ്. 

2008 ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ഇദ്ദേഹം ബംഗാളി/ അസാമീസ്/തെലുങ്ക്/തമിഴ് സിനിമകളിലും ഒരേ തൂവൽ‌പ്പക്ഷികൾ/1921/കാലാപാനി/അനുരാഗ കരിക്കിൻവെള്ളം എന്നീ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമാ നടന്‍/ സംവിധായകന്‍/നാടക അഭിനേതാവ്/ കവി/പത്രപ്രവര്‍ത്തകന്‍/ക്രിക്കറ്റ് കോളമിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഈ മഹാ പ്രതിഭ 2017 സെപ്റ്റംബർ 30 ആം തിയതി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.

കാരോള്‍ ഈവന്‍സാണ് ഭാര്യ/ഇ എസ് പി എന്‍ സ്‌പോര്‍ട്‌സ് എഡിറ്ററായ ജെമി മകനും അഫ്സാന്‍ മകളുമാണ്.