ടി പി കുഞ്ഞിക്കണ്ണൻ
സംഗീത വിദ്യാൻ തോട്ടുമ്പുറത്ത് കണ്ണന്റേയും കാട്ടാമ്പള്ളി പാറുവിന്റേയും മകനായി കാസർക്കോട് ജില്ലയിലെ ചെറുവത്തൂരിൽ ജനിച്ചു. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന കുഞ്ഞിക്കണ്ണൻ ഔദ്യോഗിക തിരക്കുകൾക്കിടയിലും കലാരംഗത്ത് സജീവമായിരുന്നു. അറിയപ്പെടുന്ന നാടക കലാകാരനായ അദ്ദേഹം നടനായും സംവിധായകനായും ഉത്തരമലബാറിലെ നാടകവേദികളിൽ തിളങ്ങി.
സഖാവ്, സൂര്യപേട്ട്, പ്രജാപതി, പഴശ്ശിരാജ തുടങ്ങി നൂറിലേറെ അമെച്ചർ, പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു. ഒട്ടേറെ നാടകങ്ങൾ കുഞ്ഞിക്കണ്ണൻ സംവിധാനം ചെയ്തു. വയലാറിന്റെ ഖണ്ഡകാവ്യമായ "ആയിഷ" യുടെ ഒരു ഭാഗമെടുത്ത് അദ്രുമാൻ എന്ന ഏകാംഗ നാടകം സ്വയം ചിട്ടപ്പെടുത്തി അഭിനയിച്ചിട്ടുണ്ട്. ഗായകനായും ഹാർമോണിയം, തബല എന്നിവ ഉപയോഗിക്കുന്നതിലും അദ്ദേഹം മികവ് തെളിയിച്ചു. നാടക കലാകാരൻമാരുടെ സംഘടനയായ നന്മയുടെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കായിക മേഖലയിലും സജീവമായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള പുരസ്കാരത്തിന് കുഞ്ഞിക്കണ്ണൻ അർഹനായി.
നാടകങ്ങൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് കുഞ്ഞിക്കണ്ണൻ സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് ന്നാ, താൻ കേസ് കൊട് എന്ന സിനിമയിൽ ചെയ്ത മന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം നീതി എന്ന സിനിമയിലും അഭിനയിച്ചു. 2024 നവംബറിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.
ടി പി. കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി വി. ജാനകി(റിട്ടയേഡ് നേഴ്സിംഗ് സുപ്രണ്ട് ജില്ലാ ആശുപത്രി). മക്കൾ ശ്രീജയ, ശ്രീകല, ശ്രീപ്രിയ