ടി എം സൗന്ദരരാജൻ

T M Soundararajan
Date of Birth: 
Friday, 24 March, 1922
Date of Death: 
Saturday, 25 May, 2013
TMS
ആലപിച്ച ഗാനങ്ങൾ: 2

മധുരയിലെ ഒരു സൗരാഷ്ട്ര കുടുംബത്തിലാണ് തുഗുലുവ മീനാക്ഷി അയ്യങ്കാർ സൗന്ദരരാജൻ ജനിച്ചത്. ഏഴാമത്തെ വയസ്സ് മുതൽ കർണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയ ടി.എം.എസ്. ഇരുപത്തിമൂന്നാമത്തെ വയസ്സ് മുതൽ സംഗീത കച്ചേരികൾ നടത്തിത്തുടങ്ങി. 1946 -ൽ കൃഷ്ണവിജയം എന്ന തമിഴ് ചിത്രത്തിലെ അഞ്ച് ഗാനങ്ങൾ ആലപിച്ചു കൊണ്ടായിരുന്നു അദ്ദേഹം സിനിമാ രംഗത്തേക്കു കടന്നു വന്നത്. 

നിരവധി സംഗീതസംവിധായകർക്കു വേണ്ടി ടി എം എസ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എസ്സ്.വി വെങ്കട്ടരമണൻ, എസ്.എം സുബ്ബയ്യാ നായിഡു, എസ്. രാജേശ്വരറാവു, ജി. ഗോവിന്ദരാജലു നായിഡു, ആർ.സുദർശനം, എസ്. ദക്ഷിണാമൂർത്തി, ജി.രാമനാഥൻ, ടി.എ കല്യാണം, എം.എസ് ഞ്ജാനമണി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, ടി.ജി.ലിംഗപ്പ, ടി.ആർ. പാപ്പ, ജയരാമൻ, എം.എസ്സ്. വിശ്വനാഥൻ, ടി.കെ രാമമൂർത്തി, ഇളയരാജ, ഗംഗൈ അമരൻ, ശങ്കർ ഗണേഷ്, എ.ആർ.റഹ് മാൻ, ഹിന്ദി സംഗീതസംവിധായകരായ ഒ.പി.നയ്യാർ, നൗഷാദ്, മലയാളത്തിൽ പരവൂർ ദേവരാജൻ എന്നിവർ അവരിൽ ചിലരാണ്. 

1973 -ൽ ചായം എന്ന സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ ആലപിച്ച ഗാനമായിരുന്നു ടി എം സൗന്ദരരാജന്റെ മലയാളത്തിലെ ആദ്യഗാനം. അതിനുശേഷം 1983 -ൽ രാഗ സംഗമം എന്ന ചിത്രത്തിലും അദ്ദേഹം ഗാനം ആലപിച്ചു. ഏതാനും ചില തമിഴ് ചിത്രങ്ങളിലഭിനയിച്ച സൗന്ദരരാജൻ കവിരാജ കാളമേഘം എന്ന ചിത്രം നിർമ്മിക്കുകയും ബലപരീക്ഷയെന്ന സിനിമക്ക് സംഗീതം നൽകുകയും ചെയ്തു. നിരവധി വിദേശ രാജ്യങ്ങളിൽ അദ്ദേഹം ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളും, രണ്ടായിരത്തി അഞ്ഞൂറിലധികം ഭക്തിഗാനങ്ങളും ആലപിച്ച് തമിഴ് ചലച്ചിത്രരംഗത്ത് ആറു ദശകങ്ങളോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ടി എം സൗന്ദരരാജൻ. 

2003 -ൽ പത്മശ്രീ അവാർഡ് ലഭിച്ച ടി എം സൗന്ദരരാജൻ 2013 മെയ് മാസത്തിൽ അന്തരിച്ചു.