സ്വർണ്ണ തോമസ്
1995 മെയ് 25 ന് എറണാംകുളം സ്വദേശിയായ സാജന്റെ മകളായി മഹാരാഷ്ട്രയിലെ റായ്ഗഡിൽ ജനിച്ചു. സ്വർണ്ണ തോമസിന്റെ അമ്മ മഹാരാഷ്ട്ര സ്വദേശിനിയാണ്. ചെറിയ കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ നൃത്തം പഠിച്ചുതുടങ്ങിയിരുന്ന സ്വർണ്ണ നൃത്ത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പത്താമത്തെ വയസ്സിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഡാൻസ് കോമ്പിറ്റേഷനിൽ പങ്കെടുത്തു. അതിനുശേഷം ഡാൻസ് ഇന്ത്യ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് താനൊരു മികച്ച നർത്തകിയാണെന്ന് തെളിയിച്ചു.
തന്റെ പതിമൂന്നാമത്തെ വയസ്സിൽ അമൃത ടിവിയിലെ റിയാലിറ്റി ഷോയായ "സൂപ്പർ ഡാൻസർ ജൂനിയറിൽ" പങ്കെടുത്ത് സ്വർണ്ണ തോമസ് വിജയിയായി. തുടർന്ന് നിരവധി പ്രമുഖ വേദികളിൽ തന്റെ നൃത്തപാടവം പ്രദർശിപ്പിച്ചു. റിയാലിറ്റി ഷോയിലൂടെ കിട്ടിയ പ്രശസ്തി സിനിമയിലഭിനയിക്കുന്നതിനുള്ള അവസരം തുറന്നുകൊടുത്തു. 2013 ൽ ബഡി എന്ന ചിത്രത്തിലാണ് സ്വർണ്ണ തോമസ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് നാല് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. അതിനിടയിൽ താമസിയ്ക്കുന്ന ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കു പറ്റിയ സ്വർണ്ണ കുറച്ചുകാലം കിടപ്പിലായി. ആ അപകടം അവരുടെ സിനിമാ മോഹങ്ങൾക്ക് തിരിച്ചടിയായി. വീഴ്ച്ചയിൽ നിന്നുണ്ടായ പരിക്കുകൾ മാറിയതിനുശേഷം സ്വർണ്ണതോമസ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ താമസിക്കുകയാണിപ്പോൾ..