ശ്രീരഞ്ജിനി കോടമ്പള്ളി

Sreeranjini Kodampally
Sreeranjini Kodampalli-Singer
ആലപിച്ച ഗാനങ്ങൾ: 1

അപ്പുക്കുട്ടൻ പിള്ളയുടേയും അംബികാദേവിയുടേയും മകളായി കൊല്ലത്തിനടുത്ത് കരുനാഗപ്പള്ളിയിൽ ജനിച്ചു. യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ സതീർത്ഥ്യനും സംഗീതത്തിലെ ഗുരുവുമൊക്കെയായ പ്രശസ്ത സംഗീതജ്ഞനായിരുന്ന കോടമ്പള്ളി ഗോപാലപിള്ളയുടെ ചെറുമകളാണ് ശ്രീരഞ്ജിനി. മുത്തച്ഛൻ തന്നെയാണ് സംഗീതത്തിലെ ആദ്യ ഗുരു. തുടർന്ന് പാൽക്കുളങ്ങര അംബികാ ദേവിയുടെ അടുത്ത് നിന്ന് സംഗീതപഠനം തുടർന്നു. പ്രൊഫസർ അഷ്ടമൻ പിള്ളയും സംഗീതത്തിലെ ഗുരുവാണ്. ചിറ്റൂർ സംഗീത കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എ, എം.എ പഠനം പൂർത്തിയാക്കി, തുടർന്ന് കേരള സർവ്വകലാശാലയിൽ നിന്നും എം.ഫിലും കരസ്ഥമാക്കി. ഒന്നാം റാങ്കോടെയാണ് ബി.എ, എം എ, എംഫിൽ എന്നീ പഠനങ്ങൾ പൂർത്തിയാക്കിയത്.

സർവ്വകലാശാലകളിലും ഇന്റർകോളേജ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയെടുത്തു. 2009ലെ മികച്ച സംഗീത പ്രതിഭക്കുള്ള ചെമ്പൈ സംഗീത അവാർഡും ലഭ്യമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന ശ്രീരഞ്ജിനി ആകാശവാണിയുടെ ഗ്രേഡഡ് കലാകാരിയാണ്. പിന്നണി ഗാനരംഗത്തെ ആദ്യ ചലച്ചിത്രം ഷാജി എൻ കരുൺ സംവിധാനം ചെയ്ത  “സ്വപാനമാണ്”. "നിദ്ര" എന്ന ക്‌ളാസിക്കൽ ആൽബം പുറത്തിറക്കിയിരുന്നു. ബംഗളൂരിൽ ശ്രീമതി നീല രാംഗോപാലിന്റെ അടുത്ത് സംഗീത പഠനം തുടരുന്ന ശ്രീരഞ്ജിനിയുടെ സഹോദരനും സംഗീതരംഗത്ത് പ്രശസ്തനാണ്. കർണ്ണാടിക് വയലിനിസ്റ്റായ കോടമ്പള്ളി ഗോപകുമാർ ആണ് അദ്ദേഹം. സംഗീതത്തിൽ പി എച് ഡി പഠനം നടത്തുന്ന ശ്രീരഞ്ജിനിയുടെ ഭർത്താവ് തിരുവനന്തപുരം ടൈംസ് ഓഫ് ഇന്ത്യയിൽ മേധാവിയായ പ്രദീപാണ്.

മിഡിൽ ഈസ്റ്റ് റേഡിയോ രംഗത്ത് പ്രശസ്തനും പിന്നണി ഗായകനുമായ രാജീവ് കോടമ്പള്ളി ശ്രീരഞ്ജിനിയുടെ സഹോദരനാണ് ( വല്യച്ഛന്റെ മകൻ ).