സ്നേഹ ദിവാകരൻ
Sneha Divakaran
1992 ജൂലൈ 19 -ന് ദിവാകരന്റെയും രമണിയുടെയും മകളായി തൃശ്ശൂരിൽ ജനിച്ചു. ഹരിശ്രീ വിദ്യാനിധി സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറിയ കുട്ടിയായിരിയ്ക്കുമ്പോളേ സ്നേഹ ക്ലാസിക്കൽ ഡാൻസ് പഠിയ്ക്കാൻ തുടങ്ങിയിരുന്നു. കോളേജ് പഠനത്തിന് ശേഷം കൊച്ചി ആക്ട്ലാബിൽ ചേർന്നതോടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്.
ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത പരസ്പ്പരം എന്ന മെഗാ സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ അഭിനയ ജീവിതം ആരംഭിച്ച സ്നേഹ ദിവാകരൻ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടി. പിന്നീട് ഏഷ്യാനെറ്റിലെ പൗർണമിതിങ്കൾ എന്ന സീരിയലിൽ അഭിനയിച്ചു. 2017 -ൽ സീതാകാളി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് സ്നേഹ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, സൈലൻസർ എന്നീ സിനിമകളിൽ കൂടി അഭിനയിച്ചു.