ശരണ്യ ശശി

Saranya Sasi
Date of Birth: 
Saturday, 15 March, 1986
Date of Death: 
തിങ്കൾ, 9 August, 2021

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി 2006ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കമിടുന്നത്.  കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.

കണ്ണൂരിലെ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശരണ്യ,കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും സാഹിത്യത്തിൽ ബിരുദവും നേടിയിട്ടുണ്ട്. സീരിയലുകളിൽ തിളങ്ങി നിൽക്കുമ്പോൾ 2012ലാണ് തലച്ചോറിന് ട്യൂമർ ബാധിക്കുന്നത്. തുടർന്ന് എട്ട് വർഷം പത്തോളം സർജറികൾ വേണ്ടി വന്നിരുന്നു. ചികിത്സാകാലയളവിലും പല സീരിയലുകളിലും വേഷമിട്ടിരുന്നു.

തലച്ചോറിലെ നിരന്തരമായ ശാസ്ത്രക്രിയകൾ മൂലം ചലനശേഷി നഷ്ടപ്പെട്ട ശരണ്യ ഫിസിയോതെറാപ്പി ചികിത്സക്ക് വിധേയ ആവുകയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്നതിനിടയിലാണ് ഇക്കഴിഞ്ഞ മെയിൽ കോവിഡ് ബാധിതയാകുന്നത്‌.അതിനെത്തുടർന്ന് ആരോഗ്യനില വഷളാവുകയും 2021ഓഗസ്റ്റ് ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയും ചെയ്തു

സഹോദരങ്ങൾ ശരണ്‍, ശോണിമ. 2014ൽ ശരണ്യ വിവാഹിതയായിരുന്നു എങ്കിലും അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്നത്. നടി സീമാ ജി നായരാണ് ശരണ്യയുടെ ജീവിതത്തിൽ തണലായി നിന്ന മറ്റൊരു വ്യക്തി. സീമ ജി നായരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയും മറ്റ് സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ സഹായിച്ച് സ്നേഹസീമ എന്നൊരു വീട് ശരണ്യക്ക്  നിർമ്മിച്ചു നൽകിയത്‌ വാർത്തയായിരുന്നു.