രവി പട്ടേന

Ravi Pattena

കാസർകോട് ജില്ലയിലെ നീലേശ്വരത്തിനടുത്ത് പട്ടേനയിൽ 1970 മെയ് 20ന് ജനിച്ചു. രവീന്ദ്രൻ എന്നതാണ് യഥാർത്ഥ പേര്. നീലേശ്വരം രാജാ ഹൈസ്കൂൾ, കോർപ്പറേറ്റ് ഐ ടി സി പയ്യന്നൂർ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസ കാലത്തിന് തൊട്ടുപിന്നാലെയാണ് നാടകരംഗത്തേക്ക് കടന്നുവരുന്നത്. തെരുവുനാടകങ്ങളിലൂടെയായിരുന്നു തുടക്കം. 200ലധികം തെരുവുനാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള രവി പട്ടേന അമേച്വർ നാടകരംഗത്തും സജീവമായിരുന്നു. പ്രൊഫഷണൽ നാടകങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുള്ള ഇദ്ദേഹം, കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ 'നാട്യഗൃഹം' എന്ന നാടകക്കളരി അവതരിപ്പിച്ച മുൻഷി പ്രേംചന്ദിന്റെ രാഗഭൂമി എന്ന നാടകത്തിലും അഭിനയിച്ചിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി തുടർച്ചയായി ഒരു വർഷം ഈ നാടകം അവതരിപ്പിച്ചു. അഭിനയത്തിനു പുറമേ സ്റ്റേജിലെ പ്രകാശ സജ്ജീകരണം ഒരുക്കുന്ന ടെക്നീഷ്യൻ എന്ന നിലയിലും നാടക രംഗത്ത് ശ്രദ്ധേയനായിരുന്നു.

   നാട്ടിൽ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് ഏറ്റെടുത്ത് ചെയ്തിരുന്ന ഇദ്ദേഹം 2005 മുതൽ 2017 വരെയുള്ള കാലത്ത് ദുബായിലും ഇലക്ടിക്കൽ മേഖലയിൽ ജോലി ചെയ്തു. പ്രവാസകാലത്തും തീയേറ്റർ ദുബായ് ഇന്റർനാഷണലിന്റെ ഭാഗമായി നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
     രഞ്ജി വിജയൻ സംവിധാനം ചെയ്ത സ്വപ്നരാജ്യം എന്ന ചിത്രത്തിലൂടെയാണ് രവി പട്ടേന സിനിമയിലെത്തുന്നത്. തുടർന്ന് സൈലൻസർ, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകളിൽ അഭിനയിച്ചു. ജനാർദ്ദനൻ കരിവെള്ളൂർ സംവിധാനം ചെയ്യുന്ന ബോധോദയം, ബസവൻ എന്ന കന്നഡ ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

ബിന്ദുവാണ് രവി പട്ടേനയുടെ ഭാര്യ. അമ്പിളി, അശ്വതി എന്നിവർ മക്കൾ. രവിയും മകൾ അശ്വതിയും ചേർന്ന് 'തോബിയാസ്- ഒരു നാടകക്കാരൻ' എന്നൊരു നാടകം രംഗത്തവതരിപ്പിച്ചിരുന്നു. ഈ നാടകത്തിന്റെ ലൈറ്റിംഗ് സജ്ജീകരണം നിർവ്വഹിച്ചതും രവി പട്ടേന തന്നെയായിരുന്നു. 

കലാപ്രവർത്തനങ്ങളോടൊപ്പം നിലവിൽ ഇലക്ടിക്കൽ, സിസി ടി വി എന്നിവ സംബന്ധമായ ജോലി നോക്കിവരുന്ന ഇദ്ദേഹത്തിന് നീലേശ്വരത്ത് 'വെൽഫിറ്റ്' എന്ന പേരിൽ ഒരു ബ്രാന്റഡ് ഇന്നർവെയർ ഷോപ്പുമുണ്ട്.  രവി പട്ടേനയുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ ഇവിടുണ്ട്