രാമു സുനിൽ
സുനിൽ രാജിന്റേയും കലാ രാജിന്റേയും മകനായി തൃശ്ശൂർ ജില്ലയിലെ കോലഴിയിൽ ജനിച്ചു. കോലഴി ചിന്മയ വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാലം മുതലേ സിനിമയോട് താത്പര്യമുണ്ടായിരുന്ന രാമു സുനിൽ പ്ളസ് ടു പഠനത്തിന് ശേഷം കോയമ്പത്തൂർ വി ആർ ഡി കോളേജ് ഓഫ് സയൻസിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി.
കോളേജ് പഠനകാലത്ത് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുമായിരുന്ന രാമു സുനിലിന്റെ വർക്കുകൾ കണ്ട് ഇഷ്ടപ്പെട്ട കോളേജ് സീനിയർ ആയിരുന്ന അഭിനവ്, താൻ എഡിറ്ററായി വർക്ക് ചെയ്യുന്ന സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന തമിഴ്/മലയാളം ദ്വിഭാഷാ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാവാൻ അവസരം നൽകി. അങ്ങിനെ 2013 -ൽ അസിസ്റ്റന്റ് ഡയറക്ടറായിക്കൊണ്ട് രാമു സുനിൽ ചലച്ചിത്രരംഗത്ത് അരങ്ങേറി. അതിനുശേഷം ആഹാ എന്ന സിനിമയിൽ അസിസ്റ്റ്ന്റ് ഡയറക്ടറായി. സംവിധായകൻ ജോഫിൻ ടി ചാക്കോയുമായി ചേർന്ന് രേഖാചിത്രം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ട് രചനാരംഗത്തും തുടക്കം കുറിച്ചു. ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുള്ള രാമു സുനിലിന് ഫെഫ്കയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ 18+ എന്ന ഫിലിമിന് അവാർഡുകൾ ലഭിച്ചിരുന്നു.