രാജസുലോചന

Rajasulochana
Date of Birth: 
Thursday, 15 August, 1935
Date of Death: 
ചൊവ്വ, 5 March, 2013
പി ആര്‍ സുലോചന
P R Sulochana

ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് രാജസുലോചന ജനിച്ചത്. രാജീവലോചന എന്നായിരുന്നു അവരുടെ യഥാർത്ഥനാമം. വളരെ ചെറുപ്പത്തിലെ നൃത്തം പഠിച്ചുതുടങ്ങിയ സുലോചന നൃത്തവേദികളിൽ ശ്രദ്ധിക്കപ്പെട്ടതിനുശേഷമാണ് സിനിമയിലേക്കെത്തുന്നത്. 1953 -ൽ Gunasagari എന്ന കന്നഡ സിനിമയിലൂടെയാണ് അവർ ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് നിരവധി തെലുഗു, തമിഴ്, കന്നഡ സിനിമകളിൽ നായികയായി. എൻ ടി രാമറാവു, നാഗേശ്വര റാവു, എം ജി ആർ, ശിവാജി ഗണേശൻ, രാജ്‌കുമാർ എന്നീ സൂപ്പർ താരങ്ങളൂടെയെല്ലാം നായികയായി രാജസുലോചന അഭിനയിച്ചു.

1954 -ൽ മനസ്സാക്ഷി എന്ന സിനിമയിൽ പ്രേംനസീറിന്റെ നായികയായി രാജസുലോചന മലയാള സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 1976 -ൽ അപ്പൂപ്പൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേയ്ക്ക് തിരിച്ചുവന്നത്. തുടർന്ന് നാല് മലയാള ചിത്രങ്ങളിൽ കൂടി അവർ അഭിനയിച്ചു. നല്ലൊരു നർത്തകി കൂടിയായ രാജസുലോചന ഇന്ത്യയിലും വിദേശത്തുമായി നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1961 -ൽ പുഷ്പാഞ്ജലി നൃത്ത കലാകേന്ദ്രം എന്ന നൃത്ത വിദ്യാലയം അവർ ചെന്നൈയിൽ സ്ഥാപിച്ചു. 
 
അഭിനേതാവും സംവിധായകനുമായ സി എസ് റാവു ആയിരുന്നു രാജസുലോചനയുടെ ഭർത്താവ്. അവർക്ക് മൂന്ന് മക്കളാണുള്ളത്. 2013 മാർച്ചിൽ രാജസുലോചന അന്തരിച്ചു.