റഹിം പൂവാട്ടുപറമ്പ്

Rahim Poovattuparampu

നിർമ്മാണ നിർവ്വഹണം, സഹസംവിധാനം, കഥ, ഗാനരചന..  സിനിമയുടെ പല മേഖലകളിലും പ്രവർത്തിച്ചു വരുന്ന ശ്രീ റഹീം പൂവാട്ടുപറമ്പ് മലയാള സിനിമയിലെ ആദ്യ സംഭവങ്ങളെ കുറിച്ച് പറയുന്ന 'മലയാള സിനിമയുടെ പുന്നാരനാട്' എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ ഗാനരചയിതാവും സംവിധായകനുമാണ്. കൂടാതെ ഗാന ഗന്ധർവ്വൻ യേശുദാസിനെക്കുറിച്ചു ഒരു ഗാനവും എഴുതിയിട്ടുണ്ട്. 

പ്രേംനസീർ അവസാനമായി അഭിനയിച്ച 'ധ്വനി'എന്ന സിനിമയുടെ പി.ആർ.ഒ.ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷൻ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷൻ കൺട്രോളറായും  പ്രവർത്തിച്ചു.  മുൻമന്ത്രി മഞ്ഞളാംകുഴി അലി നിർമ്മിച്ച് എ.ടി.അബു സംവിധാനം ചെയ്ത ധ്വനി യിൽ ജയറാം, സുരേഷ് ഗോപി, ശോഭന, തിലകൻ തുടങ്ങിയ ശക്തമായ താരനിര ഉണ്ടായിരുന്നു. ഇന്ത്യൻ സിനിമയുടെ സംഗീത ചക്രവർത്തി നൗഷാദ്, ഈണം നൽകിയ ഏക മലയാള സിനിമയാണ് 'ധ്വനി'.

ലയൺസ്, റോട്ടറി, വൈസ് മെൻസ് തുടങ്ങി നിരവധി സംഘടനകൾക്കും ടെലിവിഷൻ ചാനലുകൾക്കും വേണ്ടി കേരളത്തിലെ വിവിധ ജില്ലകളിലായി അറുപതോളം താരോത്സവങ്ങൾ റഹിം പൂവാട്ടുപറമ്പ് സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, ലാൽ, ബാലചന്ദ്രമേനോൻ, സലിംകുമാർ, മുകേഷ്, കാവ്യാ മാധവൻ, ഭാവന, നവ്യാ നായർ തുടങ്ങി ചലച്ചിത്ര ടെലിവിഷൻ രംഗത്തെ ഇരുനൂറോളം പ്രശസ്തർ ഈ താരോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഉത്തര മലബാറിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന താരോത്സവം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.

കോഴിക്കോട് നടന്ന മലയാള സിനിമ നവതി, ആദ്യ ശബ്ദ ചിത്രം 'ബാലൻ' എഴുപത്തിയഞ്ചാം വാർഷികം, ആദ്യ കളർ ചിത്രം 'കണ്ടം ബെച്ച കോട്ട്' ഗോൾഡൻ ജൂബിലി, പ്രേംനസീർ നവതി തുടങ്ങി വിവിധ ആഘോഷങ്ങളും, വൈക്കം മുഹമ്മദ് ബഷീറിന് സ്മരണാഞ്ജലി അർപ്പിച്ചു നടത്തിയ 
'ഇമ്മിണി ബല്യ സുൽത്താൻ' എന്ന പരിപാടിയും സംവിധാനം ചെയ്തത് റഹിം പൂവാട്ടുപറമ്പാണ്. 

സ്വാതന്ത്ര്യ സമരസേനാനി ഇ. മൊയ്തു മൗലവി സാഹിബ് മുഖ്യ പത്രാധിപർ ആയിരുന്ന 'അൽ അമീൻ'സായാഹ്നപത്രത്തിന്റെ റിപ്പോർട്ടറായി പതിനെട്ടാം വയസ്സിൽ റഹിം പൂവാട്ടുപറമ്പ് പത്രപ്രവർത്തന രംഗത്ത് തുടക്കം കുറിച്ചു. ഇരുപത് വർഷത്തോളം 'കേരള ടൈംസ്' പത്രത്തിന്റെ കോഴിക്കോട് ജില്ലാ ലേഖകനായും  നിരവധി സിനിമാ മാസികകളുടെ എഡിറ്ററായും  പത്രപ്രവർത്തന രംഗത്ത് 40 വർഷത്തെ സേവനം ചെയ്തിട്ടുള്ള ശ്രീ റഹീം ഏകദേശം 35 വർഷം മുമ്പ് കോഴിക്കോട്ട് പ്രേംനസീറിന്റെ മകൾ ലൈലയുടെ വീട്ടിൽ വെച്ച് നസീറിനെ ഇന്റർവ്യൂ ചെയ്തിട്ടുമുണ്ട്.

റഹിം പൂവാട്ടുപറമ്പിലിന്റെ ഭാര്യ റീന. പത്രപ്രവർത്തകനായ രാഹുലും, ഗവേഷണ വിദ്യാർത്ഥിനിയായ പ്രിയങ്കയുമാണ് മക്കൾ.  മരണാനന്തരം 4 പേരുടെയും ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ദാനം ചെയ്യുന്ന സമ്മതപത്രം 18 വർഷം മുമ്പ് അധികൃതർക്ക് കൈമാറി.
 

കോഴിക്കോട് ജില്ലയിലെ ചെറൂപ്പയിലാണിപ്പോൾ താമസം.