ഒ വി ഉഷ
മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്ന വേലുക്കുട്ടിയുടെയും കമലാക്ഷി അമ്മയുടെയും മകളായി ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ.വി. ഉഷ പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ചു. ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തക പ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി.
1971 -ൽ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തില്‍ ദേവരാജ സംഗീതത്തിന് വരികൾ എഴുതിക്കൊണ്ടാണ് ഒ വി ഉഷ ചലച്ചിത്ര ഗാനരചനാ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. 2000 -ത്തിൽ മഴ എന്ന സിനിമയിൽ രവീന്ദ്ര സംഗീതത്തിന് വേണ്ടി എഴുതിയ "ആരാദ്യം പറയും.. എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് ഒ വി ഉഷയ്ക്ക് ലഭിച്ചു. അതിനുശേഷം 2020 -ൽ ട്രിപ്പ് എന്ന സിനിമയിൽ ജാസി ഗിഫ്റ്റിന്റെ സംഗീതത്തിൽ ഒരു ഗാനവും എഴുതി. പ്രശസ്ത സാഹിത്യകാരനായിരുന്ന ഓ വി. വിജയൻ ഉഷയുടെ സഹോദരനാണ്.


