ഇടറുന്ന കിളിമൊഴിയോടെ - M

ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ
തേങ്ങുമൊരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന്‍ ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്‍പ്പൂ
ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ

വാടി വീഴും പൂക്കളെ എന്തിനു
വീണ്ടും നീ മന്ദം തഴുകിടുന്നു
നാളെ ഏതോ ഹരിതതീരത്തിൽ
എന്നോമല്‍ കിനാക്കളായ് വിടരുമെന്നോ
ഇനി സമാഗമത്തിൻ മറ്റൊരുഷഃസന്ധ്യ
എനിയ്ക്കു മാത്രം ഇല്ലയെന്നോ
ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ

വിരഹത്തിന്നിരുളില്‍ ആഴുന്നൊരീ
വസുധതന്‍ നൊമ്പരം നീ അറിവൂ
വേറിടാനാകാത്ത നിന്റെ ആത്മാവാം
വാനിലെ ഒറ്റ നക്ഷത്രം പോലെ
എന്റെ ഏകാന്ത ഗാനത്തിനീണം
എൻ സഖിതന്നോർമ്മയിൽ തുടിക്കുകില്ലേ

ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ
തേങ്ങുമൊരാത്മാവിന്‍ സ്പന്ദനം കേള്‍ക്കാതെ
യാത്രാമൊഴി പോലും ചൊല്ലുവാനാകാതെ
ദുഃഖത്തിന്‍ ഗ്രീഷ്മഭൂവില്‍ ഞാന്‍ നില്‍പ്പൂ
ഇടറുന്ന കിളിമൊഴിയോടെ
വിടചൊല്ലി പിരിയുന്ന സന്ധ്യേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idarunna kilimizhiyode - M

Additional Info

Year: 
1991

അനുബന്ധവർത്തമാനം