സതീഷ് പോൾ

Satheesh Paul
പ്രൊഫ.സതീഷ് പോൾ
സംവിധാനം: 4
കഥ: 3
സംഭാഷണം: 3
തിരക്കഥ: 3

ടി ജെ പൗലോസിന്റെയും എം വൈ അന്നമ്മയുടെയും മകനായി മൂവാറ്റുപുഴയിൽ ആണ് സതീഷ് പോൾ ജനിച്ചത്. മാതാപിതാക്കൾ പഠിപ്പിച്ചിരുന്ന സെന്റ് ജോൺസ് ഹൈസ്ക്കൂളിൽ തന്നെ ആയിരുന്നു സതീഷ് പഠനം തുടങ്ങിയത്. പിന്നീട് തൊടുപുഴ ഡി പോൾ ഇംഗ്ലീഷ് മീഡിയം ബോർഡിങ് സ്കൂളിലും പഠിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു. പഠനകാലത്ത് ക്വിസ്സിലും പ്രസംഗ മത്സരങ്ങളിലും സ്പോർട്സിലും നിരവധി അംഗീകാരങ്ങൾ ദേശീയ തലത്തിലും അല്ലാതെയും നേടിയിട്ടുണ്ട് . ഏറ്റവും പ്രായം കുറഞ്ഞ സയൻസ് ഫിക്ഷൻ നോവലിസ്റ്റ് എന്ന ഖ്യാതി തന്റെ പതിനേഴാം വയസ്സിൽ പുറത്തിറക്കിയ കോൾഡ് ഇക്വേഷൻ എന്ന പുസ്തകം വഴി ഇദ്ദേഹം സ്വന്തമാക്കി. 

തുടർ പഠനങ്ങൾക്കായി കാനഡയിലെത്തിയ സതീഷ്, പി എച് ഡി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഗ്വേൽഫ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. കാനഡയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയ സതീഷ് നിരവധി കോളേജുകളിൽ മെക്കാനിക്കൽ അധ്യാപകൻ ആയി പ്രവർത്തിച്ചു. കല സാഹിത്യം ശാസ്ത്ര സാങ്കേതികം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം സിനിമയിലെയും വ്യത്യസ്തത മേഖലകളിലായി ഇരുപത്തിരണ്ടോളം കോഴ്സുകൾ ചെയ്തു. കോൾഡ് ഇക്വേഷൻ എന്ന സയൻസ് ഫിക്ഷൻ നോവൽ കൂടാതെ ഒരു മഴക്കാലത്ത് (തിരക്കഥ) എ ടെക്സ്റ്റ് ബുക്ക് ഓഫ് എഞ്ചിനീയറിംഗ് ഗ്രാഫിക്സ് (ടെക്സ്റ്റ് ബുക്ക്) കാറ്റുവിതച്ചവർ (തിരക്കഥ) ക്രിട്ടിക്കൽ പോയിന്റ് തിയറി (ഒറിജിനൽ റിസർച്ച്) എന്നീ ബുക്കുകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

2005 ലാണ് സതീഷ് പോൾ ആദ്യമായി സംവിധാനം ചെയ്ത ഫിംഗർ പ്രിന്റ് എന്ന സിനിമ റിലീസ്സാവുന്നത്. എന്നാൽ അതിനു മുന്നേ 1985ൽ കെ ജി ജോർജ്ജുമായിരുന്ന പരിചയം സതീഷിനെ നവോദയയിൽ എത്തിച്ചിരുന്നു. ആ സമയത്താണ് ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ പുറത്തു വന്നത്. ആ സിനിമയിലെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള സതീഷിന്റെ അറിവുകൾ ഇനിയും ഉപയോഗപ്പെടുത്താൻ ആവുമെന്ന് തോന്നിയ ജിജോ, നവോദയയുടെ അടുത്ത ചിത്രമായ ചാണക്യനിലും സതീഷിനെ സഹകരിപ്പിച്ചു. പിന്നീട് നവോദയയുടെ വിവിധ പ്രൊജെക്ടുകളുടെ പിന്നണിയിൽ സതീഷ് ഉണ്ടായിരുന്നു. ഇതിനിടക്കാണ് ഉപരി പഠനത്തിനായി കാനഡക്ക് പോകുന്നത്. നാളുകൾക്കു ശേഷം ക്യാമറാമാൻ വേണു വഴി ഡയറക്ടർ സിദ്ദിക്കിനെ പരിചയപ്പെട്ട സതീഷ് പോൾ, ക്രോണിക് ബാച്ചലർ എന്ന സിനിമയിൽ സിദ്ദിക്കിനൊപ്പം തിരക്കഥയിൽ സഹായിയായി. സിദ്ദിക്കുമായി ഉള്ള പരിചയം ആണ് 2005 ൽ ഫിംഗർ പ്രിന്റ് എന്ന സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാൻ സതീഷിനെ സഹായിച്ചത്. മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന കുറ്റാന്വേഷണ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഫോറൻസിക് സയൻസിന്റെ വിവിധ വശങ്ങളെ സിനിമയിലേക്ക് കൊണ്ട് വരാൻ സതീഷ് ശ്രമിച്ചു. രണ്ടുമണിക്കൂർ മാത്രമായിരുന്നു സിനിമയുടെ ദൈർഘ്യം എന്നതും ചിത്രത്തിന്റെ പ്രത്യേകതയായി.

അതിനുശേഷം 2018ല്‍ ആണ് കാറ്റുവിതച്ചവര്‍ എന്ന ചിത്രം സതീഷ് പോൾ സംവിധാനം ചെയ്യുന്നത്. അടിയന്തരാവസ്ഥ കാലത്ത് കോളിളക്കം സൃഷ്‌ടിച്ച രാജൻ കേസ് ആയിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ഈ സിനിമയ്ക്ക് 2018 ലെ ഫിലിം ക്രിട്ടിക്സ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയുണ്ടായി.

ഗാർഡിയൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് വീണ്ടും സജീവമാവുകയാണ് സതീഷ് പോൾ. മിയയും സൈജു കുറുപ്പുമൊക്കെ അഭിനയിച്ച ഈ ചിത്രവും ഒരു കുറ്റാന്വേഷണ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

ഫേസ്ബുക്ക് പ്രൊഫൈൽ