എം എസ് മാലതി
പ്രസിദ്ധ നാദസ്വരവിദ്വാൻ ചേർത്തല കുട്ടപ്പപ്പണിക്കരുടെ ശിഷ്യരായി സംഗീതമഭ്യസിച്ച ചേർത്തല സ്വദേശിനികളായ സഹോദരിമാരാണ് MS മാലതിയും MS സരസ്വതിയും.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, ചേർത്തല സിസ്റ്റേഴ്സ് എന്ന പേരിൽ ഇവർ ഹരികഥാകാലക്ഷേപം നടത്തിയിരുന്നു. ജയഭാരത് പിക്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കപ്പെട്ട രക്തബന്ധം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് എം എസ് മാലതിയും സഹോദരിയും അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. മാലതി രക്തബന്ധത്തിൽ ഒരു ജിപ്സി പെൺകുട്ടിയുടെ വേഷമായിരുന്നു ചെയ്തത്.
രക്തബന്ധത്തിൽ അഭയദേവും, സ്വാമി ബ്രഹ്മവ്രതനും, തുമ്പമൺ പത്മനാഭൻകുട്ടിയും രചിച്ച് SM സുബ്ബയ്യാനായിഡുവും
SN ചാമിയും സംഗീതം നൽകിയ പതിനൊന്ന് ഗാനങ്ങളിൽ ചില ഗാനങ്ങൾ ആലപിച്ചുകൊണ്ട് എം എസ് മാലതി ചലച്ചിത്ര ഗാനരംഗത്തും തുടക്കം കുറിച്ചു. അതിനുശേഷം 1953 -ൽ തിരമാല എന്ന ചിത്രത്തിൽ രണ്ടു സോളോ ഗാനങ്ങൾ പാടിയ മാലതി ശാന്താ P നായരുടെയും ബാബുരാജിൻ്റെയും കൂടെ ഒരു സംഘ ഗാനവും ആലപിച്ചു. നാടകങ്ങളിലും പാടിയിട്ടുള്ള MS മാലതിയുടെ കുറച്ച് നാടകഗാനങ്ങളും basic songs ഉം HMV കമ്പനി ഗ്രാമഫോൺ റെക്കോഡായി പുറത്തിറക്കിയിട്ടുണ്ട്.