ദിലീപ് മേനോൻ
തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയാണ് ദിലീപ് മേനോൻ. അരിമ്പൂർ ഗവ. യു പി സ്കൂൾ, തൃശൂർ സെന്റ് തോമസ് സ്കൂൾ, കുട്ടനല്ലൂർ ഗവ.കോളേജ്, തൃശൂർ സെന്റ് അലോഷ്യസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂൾ, കോളേജ് കാലഘട്ടത്തിൽ ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു. അരിമ്പൂർ ഗവ. യു പി എസ് ൽ പഠിക്കുമ്പോൾ, സ്കൂൾ ജില്ലാ തലം വരെയെത്തിയ 'കുഞ്ഞാലി മരയ്ക്കാർ' എന്ന നാടകത്തിൽ മങ്ങാട്ടച്ചന്റെ വേഷം ചെയ്തായിരുന്നു തുടക്കം. പിന്നീട് പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുന്ന കാലത്ത് ഒട്ടേറെ മികച്ച നാടകങ്ങളിൽ അഭിനയിക്കാൻ സാധിച്ചു. കാവാലത്തിന്റെ ‘അരണി’, ബാദൽ സർക്കാരിന്റെ 'അനന്തം', ജോയ് മാത്യുവിന്റെ ‘ശിശു’ തുടങ്ങിയവ അവയിൽ ചിലതാണ്. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൽ രാവണനെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ, ഇന്റർസോൺ ബെസ്റ്റ് ആക്ടറായിട്ടുമുണ്ട്.
2007 ൽ ജി.എം. മനു സംവിധാനം ചെയ്ത ആയുർരേഖ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിട്ടാണ് സിനിമയിൽ തുടക്കമിട്ടത്. രഞ്ജിത്ത് ശങ്കർ സംവിധാനം നിർവ്വഹിച്ച പാസ്സഞ്ചർ എന്ന ചിത്രത്തിലും സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് 2017 ൽ ‘ആന അലറലോടലറൽ’ എന്ന ചിത്രം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. 2022 ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രത്തിൽ ദിലീപ് മേനോൻ അവതരിപ്പിച്ച പ്രൊഫസർ വൈദർശൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിലവിൽ തൃശൂർ ഫാത്തിമ നഗറിലാണ് താമസം. അഭിനേത്രി കൂടിയായ ശ്രുതി ജോൺ ആണ് ദിലീപ് മേനോന്റെ ഭാര്യ.