മാളവിക വെയ്ൽസ്
മലയാള ചലച്ചിത്ര, സീരിയൽ നടി. 1992 ജൂണിൽ തൃശ്ശൂർ ജില്ലയിൽ പി ജി വെയിൽസിന്റെയും സുഡിന വെയിൽസിന്റെയും മകളായി ജനിച്ചു. തൃശൂരിലെ "ഹരി ശ്രീ വിദ്യാ നിധി സ്കൂൾ" എന്ന സ്കൂളിൽ പഠിച്ചു. പിന്നീട് മുംബൈയിൽ, നടൻ അനുപം ഖേറിന്റെ സ്കൂൾ ഓഫ് ആക്ടേർസിൽ അഭിനയത്തിൽ ഡിപ്ലോമ നേടുകയും ചെയ്തു. ഇഗ്നൊയിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ മാളവിക ബിരുദം നേടിയിട്ടുണ്ട്. മാളവികക്ക് 6 വയസ്സുള്ളപ്പോൾ നൃത്തം പഠിക്കാൻ തുടങ്ങി, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പ്രസന്ന ഉണ്ണി തുടങ്ങിയവരിൽ നിന്നും നൃത്തപഠനം പൂർത്തിയാക്കി. 2009-ൽ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത മാളവിക ആ വർഷത്തെ മത്സരാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. "മിസ് ബ്യൂട്ടിഫുൾ ഐ" ആയി ആ സൗന്ദര്യ മത്സരത്തിൽ മാളവിക തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പരസ്യ ചിത്രങ്ങൾക്ക മോഡലിംഗ് ചെയ്യാൻ തുടങ്ങി.
നാലാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ആയിഷ എന്ന ഡോക്യൂമെൻറ്റിയിൽ അഭിനയിച്ചുകൊണ്ടാണ് മാളവിക ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തുന്നത്. 2010-ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ നായികയായാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മകരമഞ്ഞ്, ഇന്നാണാ കല്യാണം, ആട്ടക്കഥ.. എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. മലയാള സിനിമയായ തിളക്കം കന്നഡയിൽ Nandeesha എന്ന പേരിൽ റീമെയ്ക്ക് ചെയ്തപ്പോൾ അതിൽ നായികയായി മാളവിക അഭിനയിച്ചു. 2014-ൽ Enna Satham Indha Neram എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മാളവിക തമിഴിലും തുടക്കം കുറിച്ചു. സിനിമകൾ കൂടാതെ ടെലിവിഷനിലും സജീവമാണ്. 2011-ൽ അമൃത ടെലിവിഷനിലെ സൂപ്പർസ്റ്റാർ അൾട്ടിമേറ്റ് എന്ന റിയലിറ്റിഷോയിൽ അവതാരികയായി. 2015-ലാണ് മാളവിക വെയിൽസ് സീരിയലിൽ അഭിനയം തുടങ്ങുന്നത്. മഴവിൽ മനോരമയിലെ പൊന്നമ്പിളി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. 2017 -19 വർഷങ്ങളിൽ സൺ നെറ്റ് വർക്കിന്റെ തമിഴ്,കന്നഡ,മലയാളം,തെലുങ്ക് ഭാഷാ ചാനലുകളിൽ സംപ്രേഷണം ചെയ്ത നന്ദിനി എന്ന സൂപ്പർഹിറ്റ് സീരിയലിൽ നായികയായി. ഇപ്പോഴും സീരിയൽ രംഗത്ത് സജീവമാണ് മാളവിക വെയിൽസ്.