അമല
1967 ഫെബ്രുവരി 12 ന് ബംഗാളിലെ കൊൽക്കത്തയിൽ ഇന്ത്യൻ നേവി ഓഫീസറും ബംഗാളിയുമായ അച്ഛന്റെയും അയർലെന്റ്കാരിയായ അമ്മയുടെയും മകളായി ജനിച്ചു. അമല മുഖർജി എന്നായിരുന്നു യഥാർത്ഥനാമം. ചെന്നൈ കലാക്ഷേത്രയിൽ നിന്നും ഭരതനാട്യം പഠിച്ച അമല വേദികളിൽ നൃത്തം അവതരിപ്പിച്ചിരുന്നു. ഒരിക്കൽ അമലയുടെ ഒരു നൃത്തപരിപാടി തമിഴ് സംവിധായകൻ ടി രാജേന്ദർ കാണാനിടയാവുകയും അദ്ദേഹം തന്റെ സിനിമയിൽ നായികയാകാൻ അമലയെ ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ടി രാജേന്ദ്രന്റെ മൈഥിലി എന്നൈ കാതലി എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഭിനയരംഗത്ത് തുടക്കം കുറിച്ചു.
തമിഴിലെ മുൻനിര നായകന്മാരുടെ എല്ലാം നായികയായി അമല അഭിനയിച്ചു. വേലൈക്കാരൻ, സത്യ, അഗ്നി നക്ഷത്രം എന്നിവയുൾപ്പെടെ മുപ്പതോളം തമിഴ് സിനിമകളിൽ നായികയായി. പത്തിലധികം തെലുങ്ക് സിനിമകളിലും നായികയായിട്ടുണ്ട്. കൂടാതെ ഹിന്ദി, കന്നഡ സിനിമകളിലും അമല അഭിനയിച്ചിട്ടുണ്ട്.
1991 ൽ എന്റെ സൂര്യപുത്രിയ്ക്ക് എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് അമല മലയാളത്തിൽ എത്തുന്നത്. അതിനുശേഷം ആ വർഷംതന്നെ ഉള്ളടക്കം എന്ന സിനിമയിൽ അഭിനയിച്ചു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം 2017 ലാണ് അമല c/o സൈറ ബാനു എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നത്.
പ്രശസ്ത തെലുങ്ക് നടൻ നാഗാർജ്ജുന അക്കിനേനിയാണ് അമലയുടെ ഭർത്താവ്. അഭിനേതാക്കളായ അഖിൽ അക്കിനേനി, നാഗചൈതന്യ അക്കിനേനി എന്നിവരാണ് മക്കൾ.