അംശി നാരായണപിള്ള
താണുപ്പിള്ള ഉത്തം പിള്ളയുടേയും കുഞ്ഞുലക്ഷ്മിറയുടേയും മകനായി പഴയ തിരുവിതാംകൂറിലെ അംശിഗ്രാമ(ഇന്ന് കന്യാകുമാരി ജില്ലയിൽ)ത്തിൽ ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം ഗവണ്മെന്റ് വകുപ്പിൽ ഗുമസ്ഥനായി ജോലിയിൽ പ്രവേശിച്ച നാരായണ പിള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായതിനാൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യ പ്രവർത്തനങ്ങളിൽ ഭാഗബാക്കായി.
എ.കെ.പിള്ളയുടെ ‘സ്വരാജ്’ വാരികയിൽ സഹപത്രാധിപരായി പ്രവർത്തിച്ച നാരായണ പിള്ള 1924 -ൽ തിരുവനന്തപുരത്ത് ‘മഹാത്മാ’ വാർത്താവാരിക ആരംഭിച്ചു (മലയാളത്തിലെ ആദ്യ കാലണപത്രം; ഗാന്ധിജിയുടെ ആശീർവാദം ലഭിച്ചത്). പിന്നീട് പി.കേശവദേവുമായി ചേർന്ന് തൃശ്ശൂരിൽ ദിനപത്രമാക്കി. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ പങ്കെടുത്ത നാരായണ പിള്ള കേളപ്പജിയുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് എന്ന സംഘടനയുടെ സ്ഥാപനത്തിന് സഹായിച്ചു. 1930 -ൽ ഉപ്പുസത്യാഗ്രഹ ജാഥയ്ക്കായി (തിരുവനന്തപുരം → കോഴിക്കോട് വടകര → പയ്യന്നൂർ) ‘വരിക വരിക സഹജരേ’ എന്ന പ്രശസ്ത ഗാനം രചിച്ചു. പൊന്നറ ശ്രീധർ, എൻ.സി.ശേഖർ എന്നിവരോടൊപ്പം അദ്ദേഹം ജാഥ നയിച്ചു. "വരിക വരിക സഹജരേ.. എന്ന ഗാനം ബ്രിട്ടീഷ് സർക്കാർ നിരോധിക്കുകയും അംശി നാരായണ പിള്ള അറസ്റ്റിലായി ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
1941 -ൽ അംശി ഹൈസ്ക്കൂൾ സ്ഥാപിച്ച നാരായണ പിള്ള മരിക്കുന്നത് വരെ സ്കൂളിന്റെ മാനേജരായിരുന്നു. പടയാളിയുടെ പാട്ടുകൾ (ഉൾപ്പെടെ ‘വരിക വരിക സഹജരേ’), ഗാന്ധി രാമായണം (ഗാന്ധിജിയെ രാമനായി, ഭാരതത്തെ സീതയായി, ബ്രിട്ടീഷ് സർക്കാരിനെ രാവണനായി ചിത്രീകരിച്ചത്, കാരാഗൃഹത്തിൽ, ഭൂമി കർഷകന് (പ്രഹസനം), സന്താനനിയന്ത്രണം, കമ്മ്യൂണിസമാം വിമുക്തി, ആത്മസംയമനം, ഭഗത് സിങ്, ജാലിയൻവാലാബാഗ്, രണ്ടാം ഭാരതയുദ്ധം തുടങ്ങിയ കവിതകൾ (മദ്രാസ് സർക്കാർ നിരോധിച്ചവ), സംസ്കൃത നാടകകഥകൾ, ഗാന്ധിസംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് അംശി നാരായണ പിള്ളയുടെ പ്രധാന കൃതികൾ.
സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക ഗാനമായ "വരിക വരിക സഹജരേ..." പിന്നീട് സിനിമകളിൽ ഉപയോഗിക്കപ്പെട്ടു. 2011 -ൽ വീരപുത്രൻ എന്ന സിനിമയിൽ രമേഷ് നാരായണന്റെ സംഗീതത്തിൽ എം ജി. ശ്രീകുമാർ ആലപിച്ച ഗാനവും, ജി.ദേവരാജൻ സംഗീതം നൽകി ജയചന്ദ്രനും മാധുരിയും ആലപിച്ച ദേശഭക്തി ഗാന ആൽബത്തിലെ ദേവരാജ സംഗീതത്തിന്റെ അടിസ്ഥാനത്തിൽ ദീപക് ദേവ് ലൂസിഫർ എന്ന സിനിമയ്ക്ക് വേണ്ടി ചിട്ടപ്പെടുത്തി മുരളി ഗോപി ആലപിച്ച ഗാനവുമാണ് സിനിമകളിൽ ഉള്ളത്.
1981 -ൽ അംശി നാരായണ പിള്ള അന്തരിച്ചു. ഭാര്യ: തങ്കമ്മ (കരമന, തിരുവനന്തപുരം സ്വദേശിനി – 44-ാം വയസ്സിൽ 1940-ൽ വിവാഹം). മക്കൾ: വസന്തലക്ഷ്മി അംശി, ചന്ദ്രികാദേവി അംശി, രേണുകാദേവി അംശി, അംശി മുകുന്ദൻ നായർ, മുരളി അംശി, അംശി മധു, സുധാകുമാരി അംശി.


