ശ്രീയ ശരൺ
ഇന്ത്യൻ ചലച്ചിത്ര താരം.. ഉത്തർഖണ്ഡിലെ ഹരിദ്വാറിൽ പുഷ്പേന്ദ്ര ശരൺ ഭട്നാഗറിന്റെയും നീരജ ശരൺ ഭട്നാഗറിന്റെയും മകളായി ജനിച്ചു. അച്ഛൻ ഭാരത് ഹെവി ഇലക്ട്രിക്കൽസിലെ ഉദ്യോഗസ്ഥനും. അമ്മ ടീച്ചറുമായിരുന്നു. അമ്മ ജോലി ചെയ്തിരുന്ന സ്ക്കൂളുകളായ ഹരിദ്വാറിലെ റാണിപ്പൂരിലുള്ള ഡൽഹി പബ്ലിക്ക് സ്ക്കൂൾ, ന്യൂഡൽഹിയിലെ ഡൽഹി പബ്ലിക് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ശ്രീയയുടെ വിദ്യാഭ്യാസം. ഡൽഹി ശ്രീറാം കോളേജിൽ നിന്നാണ് ഡിഗ്രി കഴിഞ്ഞത്.
ശ്രീയ ശരൺ നല്ല ഒരു നർത്തകിയാണ്. അമ്മയായിരുന്നു ആദ്യ ഗുരു. കഥക്, രാജസ്ഥാനി ഫോക്ക് എന്നീ നൃത്തങ്ങൾ പഠിച്ചിട്ടുണ്ട്. ഷോവന നാരായൺ ആയിരുന്നു കഥക്കിലെ ഗുരു. കോളേജിൽ പഠിയ്ക്കുന്ന കാലത്ത് ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിരിന്ന ശ്രീയ, ഡിഗ്രി രണ്ടാം വർഷം പഠിയ്ക്കുമ്പോളാണ് ആദ്യമായി അഭിനയിയ്ക്കുന്നത്. ഒരു സംഗീത ആൽബത്തിനുവേണ്ടിയായിരുന്നു അഭിനയിച്ചത്. ആൽബം കണ്ട റാമോജി ഫിലിംസ് അവരുടെ സിനിമയിൽ ശ്രീയ ശരണിനെ നായികയായി തിരഞ്ഞെടുത്തു. 2001ൽ ഇറങ്ങിയ തെലുങ്കു ചിത്രമായ ഇഷ്ടം ആയിരുന്നു ആദ്യ ചിത്രം. 2003 ൽ എനക്ക് 20 ഉനക്ക് 18 എന്ന സിനിമയിലൂടെ ശ്രീയ തമിഴിലും തുടക്കം കുറിച്ചു. ആ വർഷം തന്നെ തുജേ മേരി കസം എന്ന സിനിമയിലൂടെ ഹിന്ദിയിലേയ്ക്കും ശ്രീയ ശരൺ ചുവടുവെച്ചു. തുടർന്ന് നിരവധി തെലുങ്കു,തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. രജനികാന്തിന്റെ ശിവാജി ദ് ബോസ്, വിജയ്യുടെ അഴകിയ തമിഴ് മകൻ എന്നിവയുൾപ്പെടെ തമിഴിലേയും തെലുങ്കിലേയും മുൻ നിര നായകൻ മാരുടെയെല്ലാം നായികയായി അഭിനയിച്ചു.
ശ്രീയ ശരൺ മലയാള സിനിമയിൽ ആദ്യമായി അഭിനയിയ്ക്കുന്നത് 2010 ലാണ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ നായകരായ പോക്കിരിരാജ എന്ന സിനിമയിൽ നായികയായിക്കൊണ്ടായിരുന്നു ശ്രീയയുടെ തുടക്കം. അതിനു ശേഷം മോഹൻലാൽ നായകനായ കാസനോവ യിൽ നായികയായി. സിനിമകൾ: കൂടാതെ പ്രശസ്തമായ നിരവധി ബ്രാൻഡുകളുടെ മോഡലായി ശ്രീയ അഭിനയിച്ചിട്ടുണ്ട്.
2018 മാർച്ചിലായിരുന്നു ശ്രീയയുടെ വിവാഹം. റഷ്യക്കാരനായ Andrei Koscheev - നെ ആയിരുന്നു ശ്രീയ വിവാഹം ചെയ്തത്.