സൗന്ദര്യ
1978 ജൂലൈ 18 ന് കർണ്ണാടകയിൽ കോലാർ ജില്ലയിലെ ഗഞ്ചിഗുണ്ടെയിൽ സത്യനാരായണയുടെയും മഞ്ജുളയുടെയും മകളായി ജനിച്ചു. സൗമ്യ സത്യനാരായണ എന്നതായിരുന്നു യഥാർത്ഥ നാമം. അച്ചൻ സത്യനാരായണ കന്നട സിനിമ നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. 1992 ൽ ഗന്ധർവ്വ എന്ന കന്നഡ സിനിമയിലഭിനയിച്ചുകൊണ്ടാണ് സൗന്ദര്യ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആ വർഷം തന്നെ തെലുങ്കു ചിത്രമായ റിതു ഭരതം എന്ന സിനിമയിലും അഭിനയിച്ചു. 1995 ൽ പൊന്നുമണി എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് സൗന്ദര്യ തമിഴ് സിനിമയിലും തുടക്കമിട്ടു.
2002 ൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെ സൗന്ദര്യ മലയാള സിനിമാലോകത്തേയ്ക്കും ചുവടുവെച്ചു. തുടർന്ന് 2003 ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലും നായികയായി.അമിതാബ് ബച്ചനോടൊപ്പം സൂര്യവംശം എന്ന ഹിന്ദി സിനിമയിലും സൗന്ദര്യ അഭിനയിച്ചിട്ടുണ്ട് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ സൗന്ദര്യ നായികയായി അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി, മോഹൻലാൽ, നാഗാർജ്ജ്ജുന, കൃഷ്ണ... എന്നിവരുൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചു
2003 ൽ സൗന്ദര്യ വിവാഹിതയായി. സോഫറ്റ്വെയർ എഞ്ചിനിയറായിരുന്ന ജി എസ് രഘുവിനെയായിരുന്നു വിവാഹം ചെയ്തത്. 2004- ലോക് സഭാ ഇലക്ഷന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച സൗന്ദര്യ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ ഒരു വിമാനാപകടത്തിൽ മരിക്കുകയാണുണ്ടായത്. അനാഥകുട്ടികൾക്ക് വേണ്ടി സൗന്ദര്യ ബാംഗ്ലൂരിൽ മൂന്ന് സ്ക്കൂളുകൾ ആരംഭിച്ചിരുന്നു. സൗന്ദര്യയുടെ മരണത്തിന് ശേഷം അവരുടെ അമ്മ "അമർ സൗന്ദര്യ വിദ്യാലയ" എന്ന പേരിൽ കൂടുതൽ സ്ക്കൂളുകളും അനാഥാലയങ്ങളും സ്ഥാപിച്ചു.
1998, 2003 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള കർണ്ണാടക സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം സൗന്ദര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. 2003- ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ദ്വീപ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവ് സൗന്ദര്യയായിരുന്നു..