ജോസ് താന
ഇടുക്കി ജില്ലയിലെ തൊടുപുഴ ഇളംദേശം താനപ്പനാൽ വീട്ടിൽ പരേതനായ തോമസിന്റെ മകനായി ജനിച്ചു.
സ്കൂളിലെയും കോളജിലെയും ഏകാങ്ക നാടകങ്ങളിൽ തിളങ്ങിയ ജോസ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് 1975 -ൽ പ്രൊഫഷണൽ നാടകരംഗത്തേക്ക് തിരിയുകയായിരുന്നു. കാലടി ഗോപിയുടെ സമിതിയായ പെരുമ്പാവൂർ നാടകശാലയിലാണ് ആദ്യമായി പ്രൊഫഷണൽ നടന്റെ വേഷം ഇട്ടത്. തുടർന്ന് ചങ്ങനാശേരി ഗീഥയിൽ ദീർഘകാലം നടനായിരുന്നു. തുടർന്ന് അതിന്റെ മുഖ്യ നടത്തിപ്പുകാരനുമായി.
അതിനുശേഷം 1978 -ൽ ചങ്ങനാശ്ശേരി അണിയറയിൽ പ്രവർത്തിച്ചു. ചങ്ങനാശ്ശേരി തരംഗം, വൈക്കം മാളവിക, കോട്ടയം ഉജ്ജയിനി തുടങ്ങിയ സമിതികളിലും മുഖ്യ നടനായിരുന്നു. നാടകരംഗത്ത് നിരവധി പുരസ്കാരങ്ങളും ജോസിനെ തേടിയെത്തി. കെസിബിസി അഖിലകേരള അടിസ്ഥാനത്തിൽ നടത്തിയ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനും മികച്ച സംവിധായകനുമായി. അഭിമന്യു എന്ന നാടകം സംവിധാനം ചെയ്തതിന് മികച്ച സംവിധായകനുള്ള നാന ഗ്യാലപ് പോൾ അവാർഡ് ലഭിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിലെ പഠനകാലത്ത് ഏകാങ്ക നാടക മത്സരത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു. അക്കാലത്താണ് പ്രേംനസീർ നായകനായ പിക്‌നിക് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിയ്ക്കുന്നത്. ഭ്രമരം, പളുങ്ക്, പത്താം നിലയിലെ തീവണ്ടി എന്നിവയുൾപ്പെടെ വിവിധ സിനിമകളിൽ ജോസ് താന അഭിനയിച്ചിട്ടുണ്ട്. ബ്ലസിയുടെ ഭ്രമരം സിനിമയിലെ ലോറി ഡ്രൈവറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒട്ടേറെ സീരിയലുകളിലും ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടു. ദൂരദർശന് വേണ്ടി ജിജി പി ജോസ് സംവിധാനം ചെയ്ത ഉണർത്തുപാട്ട് ആയിരുന്നു ആദ്യ സീരിയൽ. 2024 ജനുവരിയിൽ കലയന്താനി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച സായംസന്ധ്യ എന്ന നാടകത്തിൽ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോസ് താന അന്ന് പ്രേക്ഷക പ്രശംസ നേടിയിരുന്നു. അദ്ദേഹം അഭിനയിച്ച അവസാന നാടകവും അതായിരുന്നു. 2026 ഏപ്രിലിൽ ജോസ് താന അന്തരിച്ചു.
ജോസ് താനയുടെ ഭാര്യ: ജെസി ( വെള്ളിയാമറ്റം സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). രണ്ട് മക്കൾ സച്ചിൻ (കാനഡ ), കെവിൻ ( യു എസ് എ ).


