നന്ദിനി ആര്‍ നായര്‍

Nandini R Nair

എച്ച്.എം.ടിയിൽ  ഉദ്യോഗസ്ഥനായിരുന്ന രഘുവിന്റേയും വിജയലക്ഷ്മിയുടെയും മകളായി എറണാകുളത്ത് ജനനം. കൊച്ചി രാജഗിരി പബ്ലിക് സ്‌കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസവും ചെന്നൈ ലയോള കോളേജിൽ നിന്നും ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ നന്ദിനി, 2012 -ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയ ആദ്യതവണ തന്നെ IRS നേടി. ഇപ്പോൾ ചെന്നൈയിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി കമ്മീഷണറായി ജോലി നോക്കുന്നു. തമിഴ് നാട് കേഡർ ഐ.എ.എസ് ഓഫീസറായ ഭർത്താവ് വിഷ്ണു വേണു​ഗോപാൽ, തമിഴ്നാട് സ്കിൽ ഡിലവപ്പ്മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ഛായാഗ്രാഹകനായ വിജയ്  ആണ് സഹോദരൻ.
 
നൃത്തത്തിൽ അതീവതാല്പര്യമുള്ളതിനാൽ സ്കൂൾ കാലഘട്ടത്തിൽത്തന്നെ ശ്യാമള സുരേന്ദ്രന്റെ ധരണി എന്ന നൃത്ത വിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാനായി ചേർന്നിരുന്നു. ഇപ്പോൾ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ കീഴിൽ മോഹിനിയാട്ടം വിദ്യാർത്ഥിനി കൂടിയാണ്. 
 
പഠനത്തിനും അഭിനയത്തിനും നൃത്തത്തിനും പുറമെ ചിത്രരചനയിലും  മികവ് പുലർത്തിയിരുന്ന നന്ദിനി പതിനഞ്ചാം വയസ്സിൽ ആദ്യത്തെ എക്സിബിഷൻ കൊച്ചിയിൽ സംഘടിപ്പിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സൗത്ത് സോൺ ഇന്റർ-യൂണിവേഴ്‌സിറ്റി കലോത്സവത്തിലും ചിത്രരചനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. 
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ പേരിലുള്ള അവാർഡും ലഭിച്ചു. 
യുനെസ്കോ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ്  ആർട്സ്  (NIPA) എന്നിവ സംഘടിപ്പിച്ച നാടകോത്സവത്തിലും, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവ്,  സൂര്യ  ഫെസ്റ്റിവൽ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. 
നാടകത്തിൽ നൂതന പരിശീലനത്തിനുള്ള കേന്ദ്ര സാംസ്‌കാരിക - ടൂറിസം മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. 

കൊച്ചിയിലുള്ള ലോകധർമി എന്ന നാടകഗ്രൂപ്പിലും മഴവില്ല് എന്ന കുട്ടികളുടെ നാടകക്കൂട്ടായ്മയിലും സജീവമായി പങ്കെടുത്തിരുന്ന നന്ദിനിയെ  നാടകക്യാമ്പിലെത്തിയ സംവിധായകൻ റോഷൻ ആൻഡ്രൂസ്  ആണ് ബ്ലെസ്സിയുടെ തന്മാത്ര എന്ന ചിത്രത്തിലെ നന്ദിനിയുടെ വേഷത്തിലേക്ക്  നിർദ്ദേശിക്കുന്നത്.