മുരുകേഷ് കാക്കൂർ
മണ്ണാറയ്ക്കൽ മാധവൻ വൈദ്യരുടെയും സൗമിനിയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കാക്കൂരിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലം മുതൽതന്നെ മുരുകേഷ് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു.. മുരുകേഷിന്റെ ജ്യേഷ്ഠൻ ബിനുകുമാർ നാടകങ്ങൾ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ നാടകത്തിലാണ് മുരുകേഷ് ആദ്യമായി ഒരു ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുരുകേഷിന്റെ അനുജൻ ഗിരീഷും നാടകകൃത്തായിരുന്നു. അദ്ദേഹത്തിന്റെ നാടകങ്ങളിലും മുരുകേഷ് അഭിനയിച്ചിരുന്നു.
മാധവൻ കൂനത്തറയുടെ നാടകങ്ങളിലൂടെയാണ് മുരുകേഷ് പ്രൊഫഷണലായി തുടക്കമിടുന്നത്. പിന്നീട് കെ ടി മുഹമ്മദിന്റെ കലിംഗ തിയ്യേറ്ററിലേക്ക് പ്രവേശിച്ചു. കലിംഗ തിയ്യേറ്ററിന്റെ ഇത് ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. മൂന്നു വർഷത്തോളം കലിംഗ സമിതിയിൽ അഭിനയിച്ചു. അതിനുശേഷം അദ്ധേഹം വടകര വരദ നാടകസമിതിയിലേക്ക് മാറി. ഇവിടെ തീർഥാടനം, മാണിക്യക്കല്ല്, അമൃതംഗമയ തുടങ്ങി ഇരുപത്തെട്ടോളം നാടകങ്ങളിൽ അഭിനയിച്ചു. വാഗ്ഭടാചാര്യ എന്ന നാടകത്തിൽ വാഗ്ഭടാചാര്യന്റെ വേഷം മുരുകേഷ് അവതരിപ്പിച്ചിരുന്നു. കുറിയേടത്ത് താത്രി എന്ന നാടകത്തിൽ വ്യത്യസ്തമായ നാലു കഥാപാത്രങ്ങളെ അദ്ധേഹം അവതരിപ്പിച്ചു. ഇതിൽ ഹിജഡ സ്ത്രീയായും കഥകളിനടനായ കാവുങ്കൽ ശങ്കരപ്പണിക്കരായും താത്രിയുടെ ഭർത്താവ് കുറിയേടത്ത് രാമനായും പിന്നെ സ്മാർത്തവിചാരകനായ വടക്കേടൻ സോമാതിരിയായും അഭിനയിച്ചു. മാസ് തിയേറ്റേഴ്‌സ് കോഴിക്കോട്, വടകര വരദ, കോഴിക്കോട് കലിംഗ, സങ്കീർത്തന, കൊച്ചിൻ ആദിത്യ, മണപ്പുറം കാർത്തിക, അങ്കമാലി ഭരത ക്ഷേത്ര തുടങ്ങിയ സമിതികളിൽ മുരുകേഷ് പ്രവർത്തിച്ചിരുന്നു.
കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 -ൽ സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലൂടെ മുരുകേഷ് കാക്കൂർ ചലച്ചിത്രാഭിനയരംഗത്തും തന്റെ സാന്നിധ്യം കുറിച്ചു. 2013 -ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം മുരുകേഷിന് ലഭിച്ചിട്ടുണ്ട്. 2016 -ൽ മുരുകേഷ് കാക്കൂർ അന്തരിച്ചു.
നാടക അഭിനേത്രിയായ സന്ധ്യയാണ് മുരുകേഷ് കാക്കൂരിന്റെ ഭാര്യ.