മാതംഗി അജിത്‌കുമാർ
അജിത്‌കുമാറിന്റേയും (പി.എൻ.ബി. മെറ്റ്‌ലൈഫ് റിട്ട. സീനിയർ മാനേജർ) രജനിയുടേയും (ചിറ്റൂർ ഗവ. കോളേജിലെ സംഗീതവിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ) മകളായി പാലക്കാട് ജനിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ സംഗീതപഠനം തുടങ്ങിയ മാതംഗിയുടെ സംഗീതത്തിലെ ആദ്യ ഗുരു അമ്മ തന്നെയായിരുന്നു. ആറാം വയസ്സിൽ ചെന്നൈ കാമരാജ് ഹാളിൽ മെല്ലിശൈമന്നൻ എം എസ് വിശ്വനാഥൻ നയിച്ച ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത് ഗാനങ്ങൾ ആലപിച്ചതോടെയാണ് മാതംഗി സംഗീത പ്രേമികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.
2017 -ൽ എന്നൈ വെൻട്രവളേ എന്ന തമിഴ് സിനിമയിലെ "പനിത്തുള്ളിയായ്..." എന്ന ഗാനം വിജയ് യേശുദാസിനോടൊപ്പം പാടിക്കൊണ്ടാണ് മാതംഗി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം കെ ജെ യേശുദാസിനോടൊപ്പം ഒരു തമിഴ് ചിത്രത്തിൽ ഗാനം ആലപിച്ചു. തുടർന്ന് അദ്ധേഹത്തോടൊപ്പം 14 ഫെബ്രുവരി എന്ന മലയാള ചിത്രത്തിൽ "അരികിൽ നീ തണലായ്..." എന്ന ഗാനം ആലപിച്ചു. തുടർന്ന് ഉത്തമി, സ്റ്റേറ്റ്, സർക്കിൾ, കൈലാസത്തിലെ അതിഥി എന്നീ ചിത്രങ്ങളിലും മാതംഗി ഗാനങ്ങൾ ആലപിച്ചു. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ രാപ്പാടി എന്ന ആൽബത്തിലുൾപ്പെടെ നിരവധി ആൽബം സോംഗുകൾ മാതംഗി ആലപിച്ചിട്ടുണ്ട്. ഇതിനകം പി. ജയചന്ദ്രൻ, ഉണ്ണിമേനോൻ, എസ്.പി.ബി. ചരൺ, ബിജു നാരായൺ, ടി.എം.എസ്. ശെൽവകുമാർ, സുദീപ് കുമാർ,നിഷാദ് തുടങ്ങിയ പ്രശസ്തർക്കൊപ്പം നിരവധി വേദികളിൽ മാതംഗി പാടിയിട്ടുണ്ട്. ആൽബങ്ങളിൽ സംഗീതസംവിധായകരായ ശരത്, എം. ജയചന്ദ്രൻ എന്നിവർക്കൊപ്പവും പാടി.
പാലക്കാട് മൂണ്ടൂർ യുവക്ഷേത്ര കോളേജിൽ ബി.എ. (ഇംഗ്ലീഷ്) വിദ്യാർഥിനിയാണ് മാതംഗി അജിത്‌കുമാർ